സമ്പദ് വ്യവസഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി. ചിദംബരം
അസംസ്‌കൃത എണ്ണയുടെ വില കുറയുന്നു, എന്നിട്ടും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിച്ചില്ല. ഇന്ധനവിലയാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണമെന്നും പി. ചിദംബരം
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പിയും മുൻ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന പി. ചിദംബരം. സമ്പദ് വ്യവസ്ഥ സുരക്ഷിതാമാണെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രമാണെന്നും അനുയോജ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അപകടത്തിലാകുമെന്നും പി. ചിദംബരം വ്യക്തമാക്കി. വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും യുക്രൈൻ പ്രതിസന്ധി കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളി. വിലക്കയറ്റത്തിലും രൂപയുടെ മൂല്യത്തകർച്ചയിലും ആശങ്ക പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ കുത്തനെ ഇടിയുകയാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു. ഇന്ത്യൻ കറൻസി മറ്റ് കറൻസികളെക്കാൾ മികച്ചതാണെന്ന കേന്ദ്ര സർക്കാർ വാദത്തോടും ചിദംബരം രൂക്ഷമായാണ് പ്രതികരിച്ചത്. പല മേഖലയിലും രാജ്യം പിന്നോക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാരിദ്ര്യവും മാതൃ-ശിശു മരണ നിരക്കും അത്യധികം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോഴും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ തങ്ങൾ അധികാരം ഒഴിയുന്നതിന് മുമ്പായി തന്നെ അതെല്ലാം പരിഹരക്കപ്പെട്ടിരുന്നുവെന്നും രൂപയുടെ മൂല്യത്തകർച്ചയെ പ്രതിരോധിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ചിദംബരം വ്യക്തമാക്കി. ആദ്യപടിയായി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടതെന്നും ചിദംബരം കൂട്ടിച്ചേർത്തു.
''അന്താരാഷ്ട്ര അസംസ്‌കൃത എണ്ണയുടെ വില കുറയുന്നു, എന്നിട്ടും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിച്ചില്ല. ഇന്ധനവിലയാണ് പണപ്പെരുപ്പത്തിന്റെ പ്രധാന കാരണം. ഇത് എല്ലാ മേഖലകളിലുള്ളവരെയും പ്രതികൂലമായി ബാധിക്കുന്നു. ഇന്ധനവില ഉടൻ കുറയ്ക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെ സർക്കാർ ഉറങ്ങുകയാണ്''-ചിദംബരം പറഞ്ഞു. എന്നാലും കോവിഡ്, റഷ്യ-യുക്രൈൻ സംഘർഷം തുടങ്ങിയവ സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ഇന്ത്യ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കരകയറുകയാണെന്നാണ് ചിദംബരത്തിന്റെ വിലയിരുത്തൽ. ധാരാളം ദരിദ്രർ രാജ്യത്ത് ഉള്ളിടത്തോളം കാലം സൗജന്യ റേഷൻ പോലുള്ള പദ്ധതികൾ ഒരു ധാർമിക ബാധ്യതയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാധാരണ പൗരന്മാർക്ക് പോഷാകാഹാരക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16