പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ
വിവാദങ്ങൾക്കിടെ പാർലമെന്റ് അംഗങ്ങൾക്ക് ക്ഷണക്കത്ത് അയച്ച് ലോക്‌സഭാ സെക്രട്ടറി ജനറൽ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ് ബഹിഷ്‌കരിക്കാൻ പ്രതിപക്ഷപാർട്ടികൾ. രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വി.ഡി.സവർക്കറുടെ നൂറ്റിനാൽപ്പതാം ജന്മദിനത്തിൽ ചടങ്ങ് നടത്തുന്നതിലും പ്രതിപക്ഷ പാർട്ടികൾക്ക് കടുത്ത വിയോജിപ്പുണ്ട്. പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രസ്താവന പുറത്തിറക്കിയേക്കും.
വിവാദങ്ങൾ തുടരുമ്പോഴും ലോക്‌സഭ സെക്രട്ടറി ജനറൽ പാർലമെന്റ് അംഗങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്തയച്ചു. മെയ് 28 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്ന് ക്ഷണക്കത്തിൽ പറയുന്നു.
രാജ്യത്തിന്റെ പൊതുസ്വത്തായ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ സംഭാവനയെന്ന രീതിയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സവർക്കറുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.
Adjust Story Font
16