Quantcast

'രാജ്യത്ത് സംഘടിത മുസ്‍ലിം വിദ്വേഷം, ഗോരക്ഷകരുടെ വേഷം ധരിച്ച് ആളുകളെ കൊല്ലുന്നവരെ ബി.ജെ.പി സംരക്ഷിക്കുന്നു; അസദുദ്ദീൻ ഒവൈസി

'ജുനൈദിന്റെയും നസീറിന്റെയും മരണം മനുഷ്യത്വരഹിതം'

MediaOne Logo

Web Desk

  • Published:

    17 Feb 2023 11:47 AM GMT

Bhiwani deaths, Owaisi,AIMIM) chief Asaduddin Owaisi,Gau-Rakshak
X

ന്യൂഡൽഹി:ഹരിയാനയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്‍ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ബിജെപി പശു സംരക്ഷകരെ സംരക്ഷിക്കുകയാണെന്നും ഹരിയാന സർക്കാർ അതിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജുനൈദിന്റെയും നസീറിന്റെയും മരണം മനുഷ്യത്വരഹിതമാണെന്നും ഒവൈസി പറഞ്ഞു. യുവാക്കളെ കൊലപ്പെടുത്തിയത് 'ഗോ-രക്ഷക്' എന്ന് വിളിക്കപ്പെടുന്ന സംഘമാണെന്നും ഇവരെ ബിജെപിയും ആർഎസ്എസും പിന്തുണയ്ക്കുന്നുവെന്നും ഒവൈസി ആരോപിച്ചു. അവർ മുസ്‍ലിങ്ങളെ അപകീർത്തിപ്പെടുത്തുകയാണ്. ജുനൈദിന്റെയും നസീറിന്റെയും കൊലപാതകങ്ങളെ അപലപിക്കുന്നു. ഇത് ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമമാണ്,' അദ്ദേഹം പറഞ്ഞു.

'രാജ്യത്ത് ഒരു സംഘടിത മുസ്‍ലിം വിദ്വേഷം നിലനിൽക്കുന്നുണ്ട്. കുറ്റാരോപിതർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ ഇല്ലയോ എന്ന് ബിജെപി സർക്കാരിനോടും പ്രധാനമന്ത്രി മോദിയോടും ചോദിക്കാൻ ആഗ്രഹിക്കുന്നു. ഗോരക്ഷകരുടെ വേഷം ധരിച്ച് ആളുകളെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം നടപടികളെ ബിജെപി പ്രോത്സാഹിപ്പിക്കുന്നു, അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അവർ അവസാനിപ്പിക്കണം, ഒവൈസി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് ഹരിയാനയിലെ ഭിവാനിയില്‍ നസീർ(25), ജുനൈദ്(35) എന്നിവരുടെ മൃതദേഹങ്ങളാണ് ബൊലേറോയ്ക്കകത്ത് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ഗോപാൽഗഢ് സ്വദേശികളാണ് നസീറും ജുനൈദും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പശുക്കടത്ത് ആരോപിച്ചാണ് ഇവരെ ബജ്രങ് ദൾ നേതാക്കൾ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം ആരോപിക്കുന്നു.

ഇവരെ ഭിവാനിയിൽ എത്തിച്ച ശേഷം വാഹനത്തിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തിൽ ബജ്രങ് ദൾ നേതാക്കളായ മോനു മനേശ്വർ, ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് അടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഗോപാൽഗഢ് എസ്.എച്ച്.ഒ ആണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തിൽ മോനു മനേസർ, ലോകേഷ് സിങ്യ, റിങ്കു സൈനി, അനിൽ, ശ്രീകാന്ത് എന്നിവർക്കെതിരെ കേസെടുത്തു. ഗോ സംരക്ഷകർ എന്നവകാശപ്പെടുന്നവരാണ് അഞ്ചു പേരും.


TAGS :

Next Story