Quantcast

'സംഘർഷം കൈകാര്യം ചെയ്തതിൽ വീഴ്ച'; ഹരിയാനയിൽ ഇടഞ്ഞ് ബിജെപി സഖ്യകക്ഷി

"തുറന്നു പറയട്ടെ, ഗോരക്ഷകർ എന്നു പരിചയപ്പടുത്തുന്ന മിക്കവരുടെയും വീട്ടിൽ പശുക്കളില്ല."

MediaOne Logo

Web Desk

  • Published:

    2 Aug 2023 1:18 PM GMT

dusyanth chautala
X

ന്യൂഡൽഹി: നൂഹ് ജില്ലയിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഭരണകക്ഷിയായ ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി ജൻനായക് ജൻതാ പാർട്ടി (ജെജെപി). വിഷയം ബിജെപി സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തി. സംഘാടകരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കെടുകാര്യസ്ഥതയാണ് സംഘർഷങ്ങൾക്ക് വഴി വച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

'തീർത്ഥാടന യാത്രയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ സംഘാടകർ (വിഎച്ച്പിയും ബജ്‌റംഗ്ദളും) ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നില്ല. ഇതാണ് വ്യാകമായ അതിക്രമങ്ങൾക്ക് കാരണമായത്. സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളും.' - അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്ന ആശയത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ചു നിലകൊണ്ടവരാണ് മേവാതിലെ ജനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'മേവാതിലെ ജനം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുണ്ട്. ഹരിയാനയിലെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തതാണ് നൂഹ് ജില്ലയിലുണ്ടായത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം. നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ഒരു അതിക്രമിയും രക്ഷപ്പെട്ടു കൂടാ. ഏത് സംഘടനയാണ്, ഏതു രാഷ്ട്രീയ കക്ഷിയാണ് എന്നൊന്നും പരിഗണിക്കാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും.' - അദ്ദേഹം കൂട്ടിച്ചേർത്തു.

പശുസംരക്ഷകർ എന്നവകാശപ്പെടുന്ന മോനു മനേസറിനെ (ബജ്‌റംഗ്ദൾ നേതാവ്) പോലുള്ളവരെ ചൗട്ടാല ചോദ്യം ചെയ്തു. 'തുറന്നു പറയട്ടെ, ഗോരക്ഷകർ എന്നു പരിചയപ്പടുത്തുന്ന മിക്കവരുടെയും വീട്ടിൽ പശുക്കളില്ല. ഇത്തരം പ്രസ്ഥാനങ്ങളുടെ നേതാവായി ചിലർ മാറുന്നതിൽ ഗൗരവതരമായ ചില കാര്യങ്ങളുണ്ട്. എരിതീയിൽ എണ്ണയൊഴിച്ചത് ഇതുപോലെയുള്ള ആളുകളാണ്. ശക്തമായ നടപടി തന്നെ സർക്കാർ ഇവർക്കെതിരെ സ്വീകരിക്കും.'- അദ്ദേഹം കൂട്ടിച്ചേർത്തു. മോനു മനേസറിനെതിരെ കേസെടുത്തതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു. ഇയാൾ ഒളിവിലാണ്.

90 അംഗ ഹരിയാന നിയമസഭയിൽ പത്തു സീറ്റാണ് ജെജെപിക്കുള്ളത്. 2019ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച പത്തിൽ പത്തു സീറ്റും പാർട്ടി വിജയിച്ചിരുന്നു. സഭയിൽ ബിജെപിക്ക് 40 ആണ് ബിജെപി അംഗബലം.





TAGS :

Next Story