Quantcast

പ്രവേശനം സൗജന്യമാക്കിയില്ല; ജെസിബിയുമായെത്തി വാട്ടർതീം പാർക്ക് നശിപ്പിച്ച് ആൾക്കൂട്ടം

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു.

MediaOne Logo

Web Desk

  • Published:

    7 Jun 2024 9:50 AM GMT

Over 150 men vandalise Rajasthan water park with JCB
X

ജയ്പ്പൂർ: പ്രവേശനം സൗജന്യമാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വാട്ടർപാർക്ക് നശിപ്പിച്ച് ആൾക്കൂട്ടം. രാജസ്ഥാനിലെ ചിറ്റോർ​ഗഢ് ജില്ലയിലെ ഹാമിർ​ഗഢിലെ കിങ്സ് വാട്ടർ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ജെസിബിയുമായി ഇരച്ചെത്തിയ 150ലേറെ വരുന്ന ആളുകളാണ് പാർക്കിന് കേടുപാടുകൾ വരുത്തിയത്.

ചില യുവാക്കൾ പ്രവേശന നിരക്കിനെച്ചൊല്ലി പാർക്ക് ജീവനക്കാരുമായി വഴക്കിട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് പ്രതികാരമായി സോണിയാനയിലെയും സമീപ ഗ്രാമങ്ങളിലെയും 150ഓളം യുവാക്കൾ പാർക്കിലേക്ക് ഇരച്ചുകയറുകയും ജെസിബി ഉപയോഗിച്ച് വ്യാപക നാശനഷ്ടം വരുത്തുകയുമായിരുന്നു.

പ്രദേശവാസികൾക്ക് പ്രവേശനം സൗജന്യമാക്കണമെന്ന് ഒരു സംഘം യുവാക്കൾ പാർക്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിക്കാതിരുന്നതോടെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനു ശേഷം യുവാക്കൾ കൂടുതൽ പ്രദേശവാസികളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചതോടെ സംഘർഷം രൂക്ഷമായി.

ആളുകൾ കൂട്ടത്തോടെ പാഞ്ഞെത്തുകയും ജെസിബിയുൾപ്പെടെ കൊണ്ടുവരികയും ചെയ്തു. പാർക്ക് കോമ്പൗണ്ടിൽ വ്യാപക നാശനഷ്ടം വരുത്തിയ ജനക്കൂട്ടം ജെസിബി ഉപയോ​ഗിച്ച് നീന്തൽക്കുളത്തിൻ്റെ ഭിത്തിയുൾപ്പെടെ പൊളിക്കുകയും ചെയ്തു. അപ്രതീക്ഷിത ആക്രമണത്തിൽ സന്ദർശകർ പരിഭ്രാന്തരായി ഓടി.

ഉടൻ തന്നെ ഗംഗ്രാർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

മുൻകരുതലിനായി ഇവിടെ കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിപ്പുണ്ടാകുന്നതു വരെ പാർക്ക് അടച്ചിട്ടതായി അധികൃതർ പറഞ്ഞു.



TAGS :

Next Story