രാജ്യത്ത് പ്രതിദിനം നടക്കുന്നത് 4400 ശൈശവ വിവാഹങ്ങള്‍; ഓരോ മിനിറ്റിലും 3 പെണ്‍കുട്ടികള്‍ വീതം വിവാഹത്തിന് നിര്‍ബന്ധിതരാകുന്നു
മിക്ക കേസുകളിലും വരന്‍റെ പ്രായം 21ന് മുകളിലായിരുന്നു
ഡല്‍ഹി: ഓരോ മിനിറ്റിലും ഇന്ത്യയില്‍ മൂന്ന് പെണ്‍കുട്ടികള്‍ വീതം നിര്‍ബന്ധിത ശൈശവ വിവാഹത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിനം 4400 ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറച്ചുമാത്രമാണെന്നും 'ചൈൽഡ് മാര്യേജ് ഫ്രീ ഇന്ത്യ' (CMFI) നെറ്റ്‍വര്‍ക്കിന്‍റെ ഭാഗമായ 'ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ' ഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു.
ഓരോ മിനിറ്റിലും മൂന്നു പെണ്‍കുട്ടികള്‍ വീതം ശൈശവ വിവാഹത്തിന് ഇരയാകുന്നുണ്ടെങ്കിലും 2022ലെ കണക്കനുസരിച്ച് രാജ്യവ്യാപകമായി പ്രതിദിനം മൂന്ന് കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. മിക്ക കേസുകളിലും വരന്‍റെ പ്രായം 21ന് മുകളിലായിരുന്നു. 2011 ലെ സെൻസസ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB), നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 (2019-21) എന്നിവയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2018-2022 കാലയളവില്‍ 3,863 ശൈശവ വിവാഹങ്ങളാണ് നടന്നിരിക്കുന്നത്. എന്നാൽ, പഠനം ചൂണ്ടിക്കാണിക്കുന്നതുപോലെ, സെൻസസ് കണക്കുകൾ പ്രകാരം, ഓരോ വർഷവും 16 ലക്ഷം ശൈശവ വിവാഹങ്ങൾ നടക്കുന്നു.
2021-22 നും 2023-24 നും ഇടയിൽ അസമിലെ 20 ജില്ലകളിലെ 1,132 ഗ്രാമങ്ങളിലായി ശൈശവ വിവാഹത്തിൽ 81% കുറവുണ്ടായതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ശൈശവ വിവാഹങ്ങൾക്കെതിരെ അസം സർക്കാർ നടത്തിയ കർശന നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ ഗ്രാമങ്ങളിൽ സർവേ നടത്തിയത്. 2023-ലെ അസം സർക്കാരിൻ്റെ നടപടികള്‍ തങ്ങളുടെ സമുദായങ്ങള്‍ക്കുള്ളിലെ ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിൽ ഗണ്യമായതും ശ്രദ്ധേയവുമായ സ്വാധീനം ചെലുത്തിയതായി പ്രതികരിച്ചവരിൽ 98% പേരും വിശ്വസിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു.
ദേശീയ കുടുംബ ആരോഗ്യ സർവേയുടെ (NFHS-5) ഏറ്റവും പുതിയ റൗണ്ട് കണക്കുകൾ പോലും കാണിക്കുന്നത് 20-24 വയസ് പ്രായമുള്ള സ്ത്രീകളിൽ 23.3% പേരും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണെന്നാണ്. ശൈശവ വിവാഹക്കേസുകളുടെ കാര്യത്തില്‍ കോടതികളിലെ നീണ്ട വിചാരണയും കുറഞ്ഞ ശിക്ഷയും പ്രധാന ആശങ്കകളാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2022ൽ ശൈശവ വിവാഹ നിരോധന നിയമത്തിന് കീഴിൽ ഫയൽ ചെയ്ത കേസുകളില്‍ വെറും 11% മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സിഎംഎഫ്ഐയുമായി ബന്ധപ്പെട്ട സിവിൽ സൊസൈറ്റി സംഘടനകൾ 2023-24ൽ നിയമപരമായ ഇടപെടലുകൾ വഴി 14,137 ശൈശവ വിവാഹളും പഞ്ചായത്തുകളുടെ സഹായത്തോടെ 59,364 ശൈശവ വിവാഹങ്ങളും തടഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എൻജിഒകൾ തടഞ്ഞ 2436 ശൈശവ വിവാഹങ്ങള്‍ പരിശോധിച്ചാല്‍ 42% കേസുകളിൽ ആൺകുട്ടികളും ശൈശവ വിവാഹത്തിന് ഇരയായിട്ടുണ്ട്.
Adjust Story Font
16