'കള്ളപ്പണക്കാർക്ക് കേന്ദ്രം ചുവപ്പ് പരവതാനി വിരിക്കുന്നു'; കേന്ദ്രത്തിനെതിരെ പി.ചിദംബരം
2016ലെ മണ്ടൻ തീരുമാനമായിരുന്നു 2000 രൂപയുടെ നോട്ട്. ഏഴ് വർഷത്തിന് ശേഷമെങ്കിലും അത് പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചിദംബരം പറഞ്ഞു.
ന്യൂഡൽഹി: 2000 രൂപാ നോട്ട് പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപ്പണക്കാർക്ക് ചുവപ്പ് പരവതാനി വിരിക്കലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. അനായാസം കള്ളപ്പണം സൂക്ഷിക്കാൻ അവസരമൊരുക്കുന്നതായിരുന്നു 2000 രൂപ നോട്ട്. ഇപ്പോൾ യാതൊരു രേഖയുമില്ലാതെ അത് മാറ്റിയെടുക്കാൻ അവസരം നൽകുന്നതിലൂടെ കള്ളപ്പണക്കാർക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ കയ്യിൽ 2000 രൂപ നോട്ടുകൾ ഉണ്ടാവില്ല. 2016-ൽ അത് അവതരിപ്പിച്ചപ്പോൾ തന്നെ അവർ അത് തിരസ്‌കരിച്ചതാണ്. സാധാരണക്കാരുടെ ദൈനംദിന ഇടപാടുകൾക്ക് 2000 രൂപ നോട്ട് ആവശ്യമില്ല. കള്ളപ്പണം സൂക്ഷിക്കുന്നവർക്ക് മാത്രമാണ് 2000 രൂപ നോട്ട് കൊണ്ട് പ്രയോജനമുള്ളതെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
2016ൽ കേന്ദ്രത്തിന്റെ ഒരു മണ്ടൻ നീക്കമായിരുന്നു 2000 രൂപ നോട്ട്. ഏഴ് വർഷങ്ങൾക്ക് ശേഷമെങ്കിൽ അത് പിൻവലിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 30 വരെ എല്ലാവർക്കും സ്വന്തം ബാങ്ക് എക്കൗണ്ട് വഴി നോട്ട് മാറ്റിയെടുക്കാമെന്നും റിസവർവ് ബാങ്ക് അധികൃതർ അറിയിച്ചു. 20,000 രൂപ വരെയുള്ള 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ട് വഴി മാറ്റിയെടുക്കാനാവും.
Adjust Story Font
16