Quantcast

കൊച്ചി ലുലു മാളിലെ പാക് കൊടി ഇന്ത്യയുടേതിനേക്കാൾ വലുതല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

പ്രതീഷ് വിശ്വനാഥടക്കം പ്രചരിപ്പിച്ച വ്യാജ വാർത്ത ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറാണ് തുറന്നുകാട്ടിയത്

MediaOne Logo

Web Desk

  • Published:

    11 Oct 2023 9:58 AM GMT

The Pakistani flag at Kochis Lulu Mall is no bigger than Indias; Fake news is spreading
X

കൊച്ചി ലുലു മാളിലെ പാകിസ്താന്റെ കൊടി ഇന്ത്യയുടേതിനേക്കാൾ വലുതാണെന്ന് കാണിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത. ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥടക്കം പ്രചരിപ്പിച്ച വ്യാജ വാർത്ത ഫാക്ട് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് തുറന്നുകാട്ടിയത്. ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഹിന്ദുതവാദികൾ ദുരുപയോഗിക്കുകയായിരുന്നു.

'ഒരു പഞ്ചർവാലയാകട്ടെ ശതകോടീശ്വരനാകട്ടെ അവരുടെ മധ്യകാലഘട്ട വിശ്വസമാണ് പ്രധാനം... എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ലുലു മാളിൽ നിന്നുള്ളതാണ് ഈ ഫോട്ടോ.. അവർ ഇന്ത്യൻ പതാകയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്' എന്ന കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥൻ ഈ വ്യാജ വിവരം എക്‌സിൽ പങ്കുവെച്ചത്.

എന്നാൽ പ്രതീഷിനെയും മാധ്യമപ്രവർത്തകനായ പ്രതീപ് ഭന്ധാരിയെയും ടാഗ് ചെയ്ത് വ്യാജ വാർത്ത തുറന്നുകാട്ടുകയായിരുന്നു മുഹമ്മദ് സുബൈർ. കന്നഡയിലുള്ള ചില മാധ്യമങ്ങളടക്കം ഈ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ അതിനെ തിരുത്തുന്ന വാർത്തകൾ മറ്റു ചില മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു മാൾ മുസ്‌ലിമിന്റെ ഉടമസ്ഥയിലുള്ളതിനാലും കേരളത്തിലായതിനാലുമാണ് വ്യാജ വിവരം പലരും പ്രചരിപ്പിക്കുന്നതെന്നും സുബൈർ മറ്റൊരു ട്വീറ്റിൽ കുറ്റപ്പെടുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പിൽ സീറ്റ് നേടൽ അവർക്ക് ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് മലയാളികളെ ദേശ വിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണ് അവർ ആഖ്യാനം സൃഷ്ടിക്കുന്നതെന്നും സുബൈർ എക്‌സിൽ പറഞ്ഞു. അതേസമയം, സമൂഹ മാധ്യമങ്ങളിൽ പലരും ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

The Pakistani flag at Kochi's Lulu Mall is no bigger than India's; Fake news is spreading

TAGS :

Next Story