പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് സൂചന; വ്യാപക തിരച്ചില്‍
ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരരെന്ന് സൂചന. ഭീകരർക്കായി സൈന്യത്തിന്‍റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ തുടരുകയാണ് . എൻഐഎ സംഘം ബൈസരൺ വാലിയിൽ എത്തിയിട്ടുണ്ട്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വിവരം.
അതിനിടെ,പഹൽഗാം ഭീകരാക്രമണത്തിലെ പങ്ക് തള്ളി പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തിൽ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു.എന്നാല്‍ ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങൾ രാജ്യത്തിനുള്ളിൽ നടക്കുന്നെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചു. സൗദിയിൽ നിന്നും മടങ്ങിയെത്തിയപ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി തുടങ്ങിയവരുമായി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര മന്ത്രിസഭായോഗവും ഇന്ന് ചേരും.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രന്‍റെ മൃതദേഹം വൈകിട്ട് ഏഴരക്ക് നെടുമ്പാശേരിയിൽ എത്തിക്കും.
Adjust Story Font
16

