Quantcast

ഫേസ്ബുക്കിൽ മൊട്ടിട്ട പ്രണയം; മുംബൈയിലെ കാമുകിയെ തേടി കാല്‍നടയായി പാകിസ്താനില്‍നിന്ന്; അതിർത്തിയിൽ സൈന്യത്തിന്റെ പിടിയിലായി യുവാവ്

സ്വന്തം ഗ്രാമത്തിൽനിന്ന് 1,200 കി.മീറ്റർ അകലെയുള്ള മുംബൈ ലക്ഷ്യമാക്കിയാണ് ആമിർ വീട്ടിൽനിന്ന് പുറപ്പെടുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ സേനയുടെ പിടിയിലായി

MediaOne Logo

Web Desk

  • Updated:

    6 Dec 2021 5:15 PM

Published:

6 Dec 2021 2:38 PM

ഫേസ്ബുക്കിൽ മൊട്ടിട്ട പ്രണയം; മുംബൈയിലെ കാമുകിയെ തേടി കാല്‍നടയായി പാകിസ്താനില്‍നിന്ന്; അതിർത്തിയിൽ സൈന്യത്തിന്റെ പിടിയിലായി യുവാവ്
X

ഷാറൂഖ് ഖാനും പ്രീതി സിന്റയും തകർത്തഭിനയിച്ച് അനശ്വരമാക്കിയ അതിരുകളില്ലാ പ്രണയത്തിന്റെ കഥ പറയുന്ന 'വീർസാറ' ഒരുകാലത്ത് രാജ്യത്തെ കാമുകീകാമുകന്മാർ വികാരാവേശത്തോടെ മനസിൽകൊണ്ടുനടന്ന ചിത്രമാണ്. ഇന്ത്യൻ എയർഫോഴ്സ് ഓഫീസറുടെയും അയാളുമായി പ്രണയത്തിലാവുന്ന പാകിസ്താനി പെൺകുട്ടിയുടെയും കഥ പറയുന്ന ചിത്രം സിനിമാപ്രേമികള്‍ക്കൊന്നും മറക്കാനാകില്ല. യഥാർത്ഥ ജീവിതകഥയെ ഉപജീവിച്ച് യാഷ് ചോപ്ര നിർമിച്ച ചിത്രത്തിന് മറ്റൊരു ജീവിതഭാഷ്യം കൂടി ഇപ്പോൾ പുറത്തുവരികയാണ്.

പാകിസ്താനിലെ ബഹാവൽപൂർ സ്വദേശിയായ 22കാരൻ മുംബൈയിലുള്ള തന്റെ കാമുകിയെ കാണാൻ കാൽനടയായി അതിർത്തി കടക്കാൻ ശ്രമിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായിരിക്കുകയാണ്. മുഹമ്മദ് ആമിറെന്ന പേരുള്ള ആ യുവാവ് സൈന്യത്തോട് വെളിപ്പെടുത്തിയ ആ പ്രണയകഥ ഇങ്ങനെയാണ്:

ഫേസ്ബുക്കിലൂടെയാണ് മുംബൈക്കാരിയെ ആമിർ പരിചയപ്പെടുന്നത്. പരിചയം വൈകാതെ പ്രണയത്തിലേക്ക് വഴിമാറി. പരസ്പരം നമ്പറുകൾ കൈമാറി സമൂഹമാധ്യമങ്ങളിലൂടെ സംസാരം തുടർന്നു. പ്രണയം തലക്കുപിടിക്കുകയും വിവാഹം കഴിക്കാനുള്ള തീരുമാനവുമുണ്ടായി. ഇതോടെ നേരിൽ കാണാതെ പറ്റില്ലെന്നായി.

അങ്ങനെ നേരിൽ കാണാൻ മുംബൈയിലെത്തുമെന്ന് ആമിർ കാമുകിക്ക് ഉറപ്പുനൽകി. തുടർന്ന് ഇന്ത്യയിലെത്താനുള്ള ഒരുക്കമായി. ഇന്ത്യൻ വിസയ്ക്കു വേണ്ടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യൻ അധികൃതർ അപേക്ഷ തള്ളി. ആ മാർഗം അടഞ്ഞതോടെ വേറെ വഴികളെക്കുറിച്ചായി ചിന്ത. അങ്ങനെ, കാൽനടയായി അതിർത്തി കടക്കാമെന്ന് തീരുമാനിച്ചു.

അങ്ങനെ സ്വന്തം ഗ്രാമത്തിൽനിന്ന് 1,200 കി.മീറ്റർ അകലെയുള്ള മുംബൈ ലക്ഷ്യമാക്കി വീട്ടിൽനിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ അതിർത്തിജില്ലയായ ശ്രീഗംഗനഗറിലെത്തുന്നത്. എന്നാൽ, ഇവിടെ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ അതിർത്തിസേനയുടെ പിടിയിലായി. ശനിയാഴ്ച രാത്രി അനൂപ്ഗഢിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് യുവാവ് സൈന്യത്തിന്റെ ശ്രദ്ധയിൽപെടുന്നത്. ഈ സമയത്ത് ഒരു മൊബൈൽ ഫോണും കുറച്ച് നോട്ടുകളും മാത്രമായിരുന്നു ആമിറിന്റെ കൈയിലുണ്ടായിരുന്നതെന്ന് ശ്രീഗംഗനഗർ ജില്ലാ പൊലീസ് സുപ്രണ്ട് ആനന്ദ് ശർമ പറയുന്നു.

ബഹാൽപൂരിലെ അതിർത്തിയിൽനിന്ന് 150 കി.മീറ്റർ അകലെയുള്ള കുഗ്രാമമായ ഹാസിൽപൂരിൽനിന്നാണ് യുവാവ് വരുന്നത്. ഇത്രയും ദൂരം എങ്ങനെ നടന്നെത്തിയതെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നാണ് പൊലീസ് പറയുന്നു. അതിർത്തിയിൽനിന്ന് ആയിരത്തിലേറെ കി.മീറ്റർ ദൂരത്തുള്ള മുംബൈവരെയും നടക്കാൻ തന്നെയായിരുന്നു പദ്ധതിയെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ആനന്ദ് ശർമ അറിയിച്ചു. മുംബൈയിലുള്ള 'കാമുകി'യെ പൊലീസ് ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആമിർ പറയുന്ന കഥ സത്യമാണെന്ന് തെളിയുകയും സംശയാസ്പദമായ ഒന്നും കണ്ടെത്തുകയും ചെയ്തില്ലെങ്കില്‍ യുവാവിനെ പാകിസ്താൻ സേനയ്ക്ക് കൈമാറുമെന്നാണ് പൊലീസ് അറിയിച്ചത്.

TAGS :

Next Story