വർഷകാല പാർലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും; പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾ
ആഗസ്റ്റ് 12 വരെ നടക്കുന്ന സമ്മേളനത്തിൽ 24 ബില്ലുകൾ ആണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുക
ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ആഗസ്റ്റ് 12 വരെ നടക്കുന്ന സമ്മേളനത്തിൽ 24 ബില്ലുകൾ ആണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുക. പാർലമെന്റിൽ ഏർപ്പെടുത്തിയ പുതിയ വിലക്കുകൾ ഉയർത്തിക്കാട്ടി സഭ പ്രക്ഷുബ്ധമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. പാർലമെന്ററി പാർട്ടികളുടെ യോഗം വിളിച്ച് ചേർത്ത ഭരണ പ്രതിപക്ഷ മുന്നണികൾ സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് കൃത്യമായ ധാരണയിൽ എത്തിയിട്ടുണ്ട്.
ബജറ്റ് സമ്മേളനത്തിന് ശേഷം പിരിഞ്ഞ പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് വീണ്ടും ചേരുമ്പോൾ വിലക്കയറ്റം ഉൾപ്പടെ ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച പ്രതിസന്ധികൾ പ്രതിപക്ഷം ഉന്നയിക്കും. അഗ്‌നിപഥ് പ്രതിഷേധവും വിവാദ വർഗീയ പരാമർശങ്ങളും അക്കമിട്ട് നിരത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് എൻ.ഡി.എ മറുപടി നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം. നാല് നിയമ സഭ തെരഞ്ഞെടുപ്പുകളിൽ നേടിയ വിജയത്തിന്റെ പിൻബലം ഉണ്ടെങ്കിലും പ്രതിഷേധങ്ങളെ ഏത് വിധേനെയും മറികടക്കുക എന്നത് തന്നെയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ലക്ഷ്യം. കാലാവധി അവസാനിച്ച മുക്താർ അബ്ബാസ് നഖ്വി ഉൾപ്പെടെയുള്ളവർക്ക് പകരമായി അമ്പത്തിയേഴ് സീറ്റുകളിൽ വിജയിച്ച് എത്തിയ എം.പിമാരും നോമിനേറ്റ് ചെയ്യപ്പെട്ട എം.പിമാരും രാജ്യ സഭയിൽ ഉണ്ടാകും.
മാധ്യമ പ്രവർത്തകർക്ക് സഭയിൽ ഏർപ്പെടുത്തിയ വിലക്ക് ഈ സഭാ സമ്മേളന കാലയളവിലും തുടരും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി സഭയിൽ ശിവസേന എംപിമാരെ ഏത് പക്ഷത്ത് ഇരുത്തും എന്നതും ഈ വർഷകാല സമ്മേളനത്തിന്റെ സവിശേഷതയാണ്.
Adjust Story Font
16