പാർട്ടിയുടെ പേര് ഉടൻ; പത്ത് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ഗുലാം നബി
എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാർട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു
ശ്രീനഗർ: പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പത്ത് ദിവസത്തിനകം പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ബാരാമുള്ളയിൽ നടന്ന യോഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.
നേരത്തെ പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നായിരുന്നു ജമ്മു കശ്മീരിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗുലാം നബി അറിയിച്ചിരുന്നത്. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാർട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനം. കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നും ഗുലാം നബി പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്. ജമ്മുവിലെ സൈനിക കോളനിയിലായിരുന്നു റാലി നടന്നത്.
പി.ഡി.പി, നാഷണൽ കോൺഫറൻസ് തുടങ്ങിയ കശ്മീർ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് സാധ്യത. ബി.ജെ.പിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവർക്കും തനിക്കും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
Adjust Story Font
16