മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; മൊട്ടയടിച്ചും സൈക്കിൾ റാലി നടത്തിയും സ്ത്രീകളുടെ പ്രതിഷേധം
സംസ്ഥാനത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയിൽ പ്രതിഷേധിച്ചാണ് സമരം
ഇംഫാൽ: ഒരു വർഷമായി തുടരുന്ന വർഗീയ കലാപത്തിനെതിരെ തല മൊട്ടയടിച്ചും സൈക്കിൾ റാലി സംഘടിപ്പിച്ചും മണിപ്പൂരിലെ സ്ത്രീകൾ. പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും ശക്തമായ സന്ദേശം നൽകാൻ വെള്ളിയാഴ്ച്ചയാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.
സെക്മായി ഗ്രാമത്തിൽ നിന്നും ഇംഫാലിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കംഗ്ലയിലേക്ക് കറുത്ത വസ്ത്രം ധരിച്ചാണ് സ്ത്രീകൾ 19 കിലോമീറ്റർ ദൂരം സൈക്കിൾ റാലി നടത്തിയത്. സംസ്ഥാനത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം സ്ത്രീകൾ തല മൊട്ടയടിച്ചും പ്രതിഷേധിച്ചു.
ശരിയായ പരിഹാരത്തിലൂടെ സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടു. വംശീയ സംഘർഷങ്ങളാൽ തകർന്ന പ്രദേശത്ത് ഐക്യത്തിന്റെയും ധാരണയുടെയും ആവശ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമമായാണ് ഇത്തരം പ്രതിഷേധം നടത്തിയതെന്നും അവർ പറഞ്ഞു.
2023 മെയ് 3നാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്‌തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ ഇതുവരെ 219 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരു സമുദായങ്ങളിലെയും 70,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകളും ആരാധനാലയങ്ങളും ആക്രമണത്തിനിരയായിട്ടുണ്ട്.
Adjust Story Font
16