‘രാമക്ഷേത്രമല്ല, ഉപജീവന മാർഗമാണ് വേണ്ടത്’; ബി.ജെ.പി തോൽവിയുടെ കാരണം പറഞ്ഞ് അയോധ്യക്കാർ
ഭരണഘടന തിരുത്തുമെന്ന പ്രസ്താവനക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. നിർമാണം പൂർത്തിയാകും മുമ്പ് തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും അത് രാജ്യമെങ്ങും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രാമക്ഷേത്രം ഉയർത്തിക്കാട്ടി ബി.ജെ.പി നേതാക്കൾ വോട്ട് തോടി. ഇത് കൂടാതെ പ്രതിപക്ഷത്തിന് നേരെ വിദ്വേഷ പ്രചാരണം നടത്താനും രാമക്ഷേത്രത്തെ മോദിയടക്കം ഉപയോഗിച്ചു. കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കുമെന്ന് വരെ മോദി പ്രസംഗിച്ചു.
എന്നാൽ, രാമക്ഷേത്രവും മോദിയുടെ വിദ്വേഷ പ്രസംഗവുമെല്ലാം അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‍വാദി പാർട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒമ്പത് തവണ എം.എൽ.എയായിരുന്ന അവദേശ് പ്രസാദ് സമാജ്‍വാദി പാർട്ടിയുടെ ദലിത് മുഖമാണ്.
ഇതൊരു ചരിത്ര വിജയമാണെന്ന് അവദേശ് വ്യക്തമാക്കി. തന്നെ ജനറൽ സീറ്റിലാണ് അഖിലേഷ് യാദവ് മത്സരിപ്പിച്ചത്. ജാതിയും സമുദായവും നോക്കാതെ ജനങ്ങൾ തന്നെ പിന്തുണച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, ഭൂമി ഏറ്റെടുക്കൽ എന്നിവക്ക് പുറമെ ഭരണഘടന തിരുത്തുമെന്ന പ്രസ്താവനയെല്ലാം ബി.ജെ.പിയുടെ അസാധാരണ പരാജയത്തിന് കാരണമായെന്നും അവദേശ് പ്രസാദ് വ്യക്തമാക്കി.
ഭരണഘടന ഭേദഗതി ചെയ്യാൻ ബി.ജെ.പിക്ക് 400 സീറ്റ് വേണമെന്ന് ബി.ജെ.പി സ്ഥാനാർഥി ലല്ലു സിങ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അത്തരത്തിലൊരു പ്രസ്താവന അദ്ദേഹം നടത്താൻ പാടില്ലായിരുന്നുവെന്ന് മിത്രസെൻപുർ ഗ്രാമത്തിലെ വിജയ് യാദവ് പറയുന്നു.
അവദേശ് പ്രസാദിന്റെ തെരഞ്ഞെടുപ്പ് റാലികളിൽ എടുത്തുപറഞ്ഞ വിഷയമായിരുന്നു ബി.ജെ.പി ഭരണഘടന തിരുത്തുമെന്ന കാര്യം. ചോദ്യ പേപ്പർ ചോർന്നതും വലിയൊരു വിഷയമാണ്. താനും അതിന്റെയൊരു ഇരയാണ്. തനിക്ക് ജോലി ലഭിച്ചിട്ടില്ല. ഇപ്പോൾ പിതാവിന്റെ കൂടെ കൃഷി ചെയ്യുകയാണ്. ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. എം.പി ഇവിടത്തെ ജനങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല. രാംമന്ദിർ, ക്ഷേത്രത്തിലേക്കുള്ള രാംപഥ് എന്നിവ ഉയർത്തിക്കാട്ടി തന്റെ പരാജയങ്ങളെ വെള്ളപൂശാനായിരുന്നു ലല്ലു സിങ്ങിന്റെ ശ്രമമെന്നും വിജയ് യാദവ് ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം വോട്ടായി മാറിയില്ലെന്ന് അയോധ്യയിലെ ബി.ജെ.പി പ്രവർത്തകർ തന്നെ സമ്മതിക്കുന്നുണ്ട്. ‘ഞങ്ങൾ കഠിനാധ്വാനം ചെയ്തു, ഇതിനായി ഞങ്ങൾ പോരാടി. പക്ഷെ, രാമക്ഷേത്രവും പ്രാണപ്രതിഷ്ഠയും വോട്ടായി മാറിയില്ല’ -ബി.ജെ.പിയുടെ കൗണ്ടിങ് ഏജന്റായിരുന്ന ലക്ഷ്മികാന്ത് തിവാരി നിരാശ പങ്കുവെക്കുന്നു.
‘പ്രാദേശിക പ്രശ്നങ്ങളാണ് ചർച്ചയായത്. ക്ഷേത്രത്തിനും എയർപോർട്ടിനും സമീപത്തായി ഭൂമി ഏറ്റെടുക്കുന്ന നടപടിക്കെതിരെ അയോധ്യയിലെ പല ഗ്രാമങ്ങളിലും വലിയ രോഷമുണ്ട്. കൂടാതെ അവദേശ് പ്രസാദ് ദലിത് നേതാവായതിനാൽ ബി.എസ്.പിയുടെ വോട്ടും എസ്.പിക്ക് ലഭിച്ചു’ -തിവാരി കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്റെ പ്രൗഢി പുറത്തുള്ളവരെ ആകർഷിപ്പിച്ചിട്ടുണ്ടാകുമെന്നും എന്നാൽ, ഇവിടെയുള്ളവർ തങ്ങൾക്കുണ്ടായ അസൗകര്യത്തിൽ അസംതൃപ്തരാണെന്നും മറ്റൊരു ബി.ജെ.പി പ്രവർത്തകനായ അരവിന്ദ് തിവാരി പറഞ്ഞു. വളരെ കുറച്ച് അയോധ്യ നിവാസികൾ മാത്രമാണ് ക്ഷേത്രത്തിൽ പോകുന്നത് എന്നതാണ് വസ്തുത. ഇവിടെ വരുന്ന ഭക്തരിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നുണ്ട്. എന്നാൽ, നിങ്ങൾ ഞങ്ങളുടെ ഉപജീവന മാർഗം എടുത്തുകളഞ്ഞാൽ എങ്ങനെ ജീവിക്കാനാകും. രാംപഥിന്റെ നിർമാണ സമയത്ത് നാട്ടുകാർക്ക് കടകൾ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതുണ്ടായില്ലെന്നും അരവിന്ദ് തിവാരി പറഞ്ഞു.
ലല്ലുസിങ്ങിനെതിരെ വലിയ രീതിയിലുള്ള ഭരണവിരുദ്ധ വികാരമുണ്ടായിരുന്നുവെന്ന് പ്രദേശവാസിയായ മുഹമ്മദ് ഇസ്രായേൽ ഗോസി പറയുന്നു. അദ്ദേഹം അയോധ്യയിലെ ജനങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം പുറത്തുള്ളവർക്കാണ്. അയോധ്യയിലെ സ്വന്തം ജനങ്ങൾക്കായി പ്രവർത്തിക്കാൻ ബി.ജെ.പി മറന്നുപോയി. കൂടാതെ ഭരണഘടന തിരുത്താൻ ബി.ജെ.പിക്ക് 400 സീറ്റ് വേണമെന്ന് പറയുകയും ചെയ്തു. അത് ജനങ്ങളെ ക്ഷുഭിതരാക്കി. താൻ അജയ്യനാണെന്നായിരുന്നു ലല്ലു സിങ്ങിന്റെ വിചാരം. പക്ഷെ, ജനാധിപത്യം അത്ഭുതങ്ങൾ കാണിക്കുമെന്ന് അദ്ദേഹം മറന്നുപോയെന്നും ഇസ്രായേൽ ഗോസി വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ പേരിൽ ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് പവൻ പാണ്ഡെ പറഞ്ഞു. അവർ രാമന്റെ പേരിൽ ബിസിനസ് നടത്തി. അതിന് അവരെ പുറത്താക്കി രാമൻ തക്കതായ ശിക്ഷ നൽകിയെന്നും പവൻ പാണ്ഡെ പറഞ്ഞു.
Adjust Story Font
16