'നഥാൻ ആൻഡേഴ്സണെതിരെ കേസെടുക്കണം'; ഹിൻഡൻബർഗിനെതിരെ സുപ്രിം കോടതിയിൽ ഹരജി
അഭിഭാഷകനായ എം.എൽ ശർമയാണ് കോടതിയെ സമീപിച്ചത്. ഓഹരി കൈവശമില്ലാതെ വ്യാപാരം നടത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണെമെന്നാണ് ഹരജിയിലെ ആവശ്യം
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് നൽകിയ ഹിൻഡൻബർഗിനെതിരെ സുപ്രിം കോടതിയിൽ ഹരജി. അഭിഭാഷകനായ എം.എൽ ശർമയാണ് കോടതിയെ സമീപിച്ചത്. ഓഹരി കൈവശമില്ലാതെ വ്യാപാരം നടത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണെമെന്നാണ് ഹരജിയിലെ ആവശ്യം. ഓഹരി കൈവശമില്ലാതെയാണ് ഹിൻഡൻബർഗ് വ്യാപാരം നടത്തുന്നതെന്നാണ് ആരോപണം. ഹിൻഡൻബർഗിനെതിരെ കേസെടുക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
അതേസമയം, ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റർപ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി ട്രാൻസ്മിഷൻ, എൻഡിടിവി എന്നിവയുടെ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി.
ഇന്നലെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യൺ യുഎസ് ഡോളർ കടന്നിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞദിവസം അത് 10.89 ലക്ഷം കോടിയായി ചുരുങ്ങി.
തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. കഴിഞ്ഞ വർഷം ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 21-ാം സ്ഥാനത്താണെന്ന് ഫോബ്സ് കണക്കുകൾ പറയുന്നു.
Adjust Story Font
16