പി.എച്ച്ഡി ബിരുദധാരി; ജോലി ആഡംബര കാറുകള്‍ മോഷ്ടിച്ച് വില്‍പന
ഇവരുടെ പക്കല്‍ നിന്നും 12 ആഡംബര കാറുകളും കണ്ടെടുത്തു
ആഡംബര കാറുകള്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം ഡല്‍ഹി പൊലീസിന്‍റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും 12 ആഡംബര കാറുകളും കണ്ടെടുത്തു. മണിപ്പൂരിലെ ഇംഫാലില്‍ നിന്നും തൌബാല്‍ പ്രദേശത്തു നിന്നുമാണ് കാറുകള്‍ കണ്ടെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ സ്വദേശിയായ തദ്രിഷ് സയിദ്, അബുങ് മെഹ്താബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സര്‍വകലാശാലയുടെ ഹിന്ദു കോളേജില്‍ നിന്നും ബിരുദം നേടിയിട്ടുള്ള ആളാണ് തദ്രിഷ്. കൂടാതെ അലിഗഡ് മുസ്‍ലിം സര്‍വകശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പി.എച്ച്ഡി ബിരുദധാരിയാണ് അറസ്റ്റിലായ മെഹ്താബ്. മണിപ്പൂര്‍ സര്‍വ്വകശാലയില്‍ നിന്നും സോഷ്യോളജിയിലാണ് മെഹ്തബ് പി.എച്ച്ഡി നേടിയത്. കൂടാതെ യുജിസി നെറ്റ് യോഗ്യതയുമുണ്ട്.
ഡല്‍ഹി എന്‍.സി.ആര്‍ കേന്ദ്രീകരിച്ച് വാഹന മോഷണ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈസ്റ്റ് ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. മണിപ്പൂര്‍ സ്വദേശികളായ മെഹ്താബും തദ്രിഷും വിമാനത്തിൽ ഡൽഹിയിലെത്തി ആഡംബര കാറുകളും വില കൂടിയ മോട്ടോർ സൈക്കിളുകളും മോഷ്ടിച്ച് മറ്റൊരു സ്ഥലത്ത് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. മോഷ്ടിച്ച കാറില്‍ തന്നെയാണ് ഇവര്‍ ഇംഫാലിലേക്ക് മടങ്ങാറുള്ളത്. മുന്നൂറോളം വാഹനങ്ങൾ ഇത്തരത്തില്‍ മോഷ്ടിച്ചതായി പ്രതികള്‍ പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങള്‍ വ്യാജരേഖകള്‍ തയ്യാറാക്കിയാണ് വില്‍പന നടത്തിയിരുന്നത്. ചോദ്യം ചെയ്യലിൽ ചില വാഹനങ്ങൾ മണിപ്പൂരിലെ മറ്റ് വാഹന മോഷണ സംഘങ്ങള്‍ക്ക് വിറ്റതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ ഗതാഗത അധികൃതരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്നും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ എല്ലാ വസ്തുതകളും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ഒരു സംഘം മണിപ്പൂരിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. ലോക്കൽ പൊലീസിന്‍റെ സഹായത്തോടെ ഫോർച്യൂണർ, ക്രെറ്റ, സ്കോർപിയോ, ബ്രെസ്സ എന്നിവയുൾപ്പെടെയുള്ള ആഡംബര കാറുകൾ മണിപ്പൂരിൽ നിന്ന് കണ്ടെടുത്തു.
Adjust Story Font
16