'ജയ് ഫലസ്തീൻ' മുദ്രാവാക്യം വിളിച്ചത് ദേശസുരക്ഷയ്ക്ക് ഭീഷണി; ഉവൈസിയെ അയോഗ്യനാക്കണമെന്ന് പരാതി
ഗ്യാൻവാപി മസ്ജിദിനെതിരായ കേസിലടക്കം ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് അഡ്വ. ഹരിശങ്കർ ജെയ്ൻ.
ന്യൂഡൽഹി: ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജയ് ഫലസ്തീൻ മുദ്രാവാക്യം വിളിച്ച ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയെ അയോഗ്യനാക്കണമെന്ന് പരാതി. ഹിന്ദുത്വ അഭിഭാഷകനായ ഹരിശങ്കർ ജെയ്ൻ ആണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകിയത്. ഉവൈസിയുടെ പരാമർശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് പരാതി.
മറ്റൊരു രാജ്യത്തോട് കൂറോ വിധേയത്വമോ പുലർത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാൽ ഒരു എം.പിയെ അയോഗ്യനാക്കാമെന്ന് പരാതിക്കാരൻ അവകാശപ്പെട്ടു. '25ാം തിയതി നടന്ന സത്യപ്രതിജ്ഞാ സമയം ജയ് ഫലസ്തീൻ എന്ന് മുദ്രാവാക്യം വിളിച്ച് ആ രാജ്യത്തോടുള്ള കൂറും വിധേയത്വവും കാണിക്കുകയാണ് ഉവൈസി ചെയ്തത്. ഉവൈസിയെ അയോഗ്യനാക്കണമെന്ന് അഭ്യർഥിക്കുന്നു'- പരാതിയിൽ ആവശ്യപ്പെടുന്നു.
ഫലസ്തീൻ ഒരു വിദേശ രാജ്യമാണ്. ഇന്ത്യയിലെ ഒരു പൗരനും ആ രാജ്യത്തോട് വിധേയത്വമോ അനുസരണയോ ഉണ്ടാവാൻ പാടില്ല. ഉവൈസിയുടെ നടപടിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും അഡ്വ. ജെയ്ൻ കൂട്ടിച്ചേർത്തു. ഗ്യാൻവാപി മസ്ജിദിനെതിരായ കേസിലടക്കം ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് അഡ്വ. ഹരിശങ്കർ ജെയ്ൻ.
ചൊവ്വാഴ്ച ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ഉവൈസി, ഇസ്രായേൽ കൂട്ടക്കുരുതിയിൽ തകർന്ന പലസ്തീനിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഇത് ബിജെപി വൻ വിവാദമാക്കിയിരുന്നു. അഞ്ചാം തവണ ഹൈദരാബാദിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഭീം, ജയ് മീം, 'ജയ് തെലങ്കാന', 'ജയ് ഫലസ്തീൻ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു.
ലോക്സഭയിൽ ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബിജെപി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനു പിന്നാലെ ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. തുടർന്നായിരുന്നു ഫലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യമുൾപ്പെടെ ഉയർത്തിയത്.
രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹം പിന്നീട് എക്സിൽ കുറിച്ചു. ഉവൈസിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞിരുന്നു. 2019ൽ ജയ് ഭീം, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നിങ്ങനെ പറഞ്ഞാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
Read Also'ജയ് ഭീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ'; ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഉവൈസി
Adjust Story Font
16