Quantcast

പതഞ്ജലിയുടെ ആയുർവേദ പൽപ്പൊടിയിൽ മാംസാംശം; ഡൽഹി ഹൈക്കോടതിയിൽ ഹരജി

സസ്യാധിഷ്ഠിത ഉൽപ്പന്നമാണെന്ന് പരസ്യം നൽകിയ പൽപ്പൊടിയിലാണ് മാംസാംശം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-09-02 07:28:37.0

Published:

2 Sep 2024 6:33 AM GMT

പതഞ്ജലിയുടെ ആയുർവേദ പൽപ്പൊടിയിൽ മാംസാംശം; ഡൽഹി ഹൈക്കോടതിയിൽ ഹരജി
X

ന്യൂഡൽഹി: ഗുണനിലവാര​മില്ലാത്തതും വ്യാജ അവകാശവാദങ്ങളുമായി ഉൽപ്പന്നങ്ങൾ വിറ്റതിനും സുപ്രിംകോടതിയിൽ നിന്നടക്കം നടപടി നേരിട്ട പതഞ്ജലിക്കെതിരെ പുതിയ പരാതി. ഔഷധ ഗുണമുള്ള ആയുർവേദ പൽപ്പൊടിയിൽ മാംസാംശമു​ണ്ടെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് ബാബാ രാംദേവിനും പതഞ്ജലിയുടെ ദിവ്യ ഫാർമസിക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹരജി. ഹരജിയിൽ ബാബാ രാംദേവിനും കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു.

വെജിറ്റേറിയൻ വിഭാഗമാണെന്ന് ലേബൽ ചെയ്ത് പൽപ്പൊടിയിലാണ് മാംസാംശം കണ്ടെത്തിയത്. അഭിഭാഷകനായ നിതിൻ ശർമ്മ സമർപ്പിച്ച ഹർജിയിൽ പറയുന്നതിങ്ങനെയാണ്. പൽപ്പൊടിയുടെ പാക്കേജിങ്ങിൽ സസ്യാഹാരവും സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങളാണണെന്ന് വ്യക്തമാക്കുന്ന പച്ച ഡോട്ട് നൽകിയിട്ടുണ്ട്. ഇതു കണ്ടിട്ടാണ് ബ്രാഹ്മണനായ താനും കുടുംബവും ഉൽപ്പന്നങ്ങൾ വാങ്ങിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ചേരുവകളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് കണവ മീനിന്റെ ( സെപിയ അഫിസിനാലിസ് -കട്ടിൽ ഫിഷ്) ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തിയത്. പതഞ്ജലിയുടെ വെബ്സൈറ്റിൽ എറെ പ്രാധാന്യത്തോടെ വെജിറ്റേറിയൻ എന്ന പേരിലാണ് പൽപ്പൊടി പ്രദർശിപ്പിച്ചിരിക്കുന്നത്.

സസ്യാധിഷ്ഠിത പൽപ്പൊടിയാണെന്ന് വിശ്വസിച്ച് ‘ദിവ്യ ദന്ത് മഞ്ചൻ’ ദീർഘകാലമായി ഹരജിക്കാരനും അവരുടെ കുടുംബവും ഉപയോഗിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് ചേരുവകളിൽ കണവ മീനിന്റെ ഭാഗങ്ങളും ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്ന് വിശ്വസിച്ച് വാങ്ങുന്നവയിൽ സസ്യേതര ചേരുവകൾ ഉപയോഗിക്കുന്നത് വഞ്ചനയാണ്. സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന തങ്ങളുടെ മതവികാരത്തെ ​വ്രണപ്പെടുത്തുന്ന നടപടിയാണ് പതഞ്ജലിയുടേത്. വളരെക്കാലമായി ഇതൊന്നുമറിയാതെ മാംസാംശമുള്ള ഉൽപ്പന്നമാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് തന്നെയും കുടുംബത്തെയും വേദനിപ്പിച്ചുവെന്നും ഹരജിയിൽ പറയുന്നു. നോൺ വെജിറ്റേറിയൻ ചേരുവകൾ അടങ്ങിയ ‘ദിവ്യ ദന്ത് മഞ്ജൻ’ ഉൽപ്പന്നത്തെ പറ്റിയും അതിന്റെ പരസ്യങ്ങളെ പറ്റിയും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. കേസ് നവംബർ 28 ന് വീണ്ടും പരിഗണിക്കും.

ഗുണനിലവാരമടക്കമുള്ളവയിൽ ഗുരുതര വീഴ്ച വരുത്തിയതിന് നേരത്തെയും പതഞ്ജലി നിരവധി നടപടികൾ ​നേരിട്ടിരുന്നു. കോവിഡിനെ ചെറുക്കുമെന്നു പറഞ്ഞ് പുറത്തിറക്കിയ കൊറോണില്‍ മരുന്നിനെതിരെ കോടതി നടപടിയെടുത്തിരുന്നു. കൊറോണില്‍ കോവിഡ് മരുന്നാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിവിധ ഡോക്ടേഴ്‌സ് അസോസിയേഷനുകള്‍ 2021ല്‍ നല്‍കിയ ഹരജികളിലാണ് കോടതി ഇടപെടല്‍. വ്യാജവാദങ്ങളുമായാണ് രാംദേവ് കൊറോണിലിന്റെ പ്രചാരണം നടത്തിയതെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.

കമ്പനിയുടെ കര്‍പ്പൂരം ഉല്‍പന്നങ്ങള്‍ വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന 2023ലെ ഇടക്കാല ഉത്തരവ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പതഞ്ജലിക്ക് ബോംബെ ഹൈക്കോടതി നാലു കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 14 പതഞ്ജലി ഉല്‍പന്നങ്ങളുടെ ലൈസന്‍സും റദ്ദാക്കിയിരുന്നു. ഇതിനുശേഷവും നിരോധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുകയും ഇവയുടെ പരസ്യം തുടരുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിരോധിത ഉല്‍പന്നങ്ങളെല്ലാം പിന്‍വലിക്കണമെന്നും ഇവയുടെ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റതിന് പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ ലഭിച്ചിരുന്നു. ചിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് പിഴയും ആറുമാസം തടവും വിധിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ലബോറട്ടറിൽ നടത്തിയ പരിശോധനയിലാണ് പതഞ്ജലി​യുടെ സോന പപ്പടിക്ക് ഗുണനിവാരമില്ലെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കോടതികളിൽ നിയമനടപടി നേരിടുകയാണ് പതഞ്ജലി.

TAGS :

Next Story