Quantcast

'മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ വേട്ടക്കാര്‍': 37 ഭരണാധികാരികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും

നരേന്ദ്ര മോദി 2014ൽ അധികാരമേറ്റതു മുതൽ റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സിന്‍റെ മാധ്യമ വേട്ടക്കാരുടെ പട്ടികയിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-07-06 06:44:57.0

Published:

6 July 2021 6:30 AM GMT

മാധ്യമ  സ്വാതന്ത്ര്യത്തിന്‍റെ വേട്ടക്കാര്‍: 37 ഭരണാധികാരികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും
X

മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയായ 37 രാഷ്ട്രത്തലവന്മാരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന സ്വതന്ത്ര സംഘടനയാണ് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ വേട്ടക്കാരായ ഭരണാധികാരികളുടെ പട്ടിക തയ്യാറാക്കിയത്.

ഈ വര്‍ഷത്തെ പട്ടികയില്‍ മോദിയെ കൂടാതെ ഉത്തര കൊറിയയുടെ കിം ജോങ് ഉൻ, ബ്രസീൽ പ്രസിഡന്‍റ് ബോല്‍സോനാരോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവരുമുണ്ട്. നരേന്ദ്ര മോദി 2014ൽ അധികാരമേറ്റതു മുതൽ റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സിന്‍റെ മാധ്യമ വേട്ടക്കാരുടെ പട്ടികയിലുണ്ട്.

"നരേന്ദ്ര മോദി 2001ല്‍ മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ വാര്‍ത്താ നിയന്ത്രണങ്ങളുടെ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മാറ്റി. 2014ല്‍ പ്രധാനമന്ത്രിയായപ്പോഴും ആ രീതി തുടര്‍ന്നു. തന്‍റെ ദേശീയ പോപ്പുലിസ്റ്റ് പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്ന പ്രസംഗങ്ങളും വിവരങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ നിറയ്ക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന ആയുധം. ഇതിനായി മാധ്യമ ഉടമകളായ ശതകോടീശ്വരന്മാരായ വ്യവസായികളുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സർക്കാരിനെ വിമർശിച്ചാൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. മോദിയുടെ അങ്ങേയറ്റം ഭിന്നിപ്പിക്കുന്നതും അവഹേളിക്കുന്നതുമായ പ്രസംഗങ്ങൾ ചില മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുന്നു"- റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മാധ്യമപ്രവർത്തകർ രാജ്യദ്രോഹ നിയമ പ്രകാരം ജയിലിൽ അടയ്ക്കപ്പെടുന്നതും സൈബര്‍ ആക്രമണത്തിന് ഇരകളാകുന്നതും റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് ചൂണ്ടിക്കാട്ടി. മോദിയെ അനുകൂലിക്കുന്ന സൈബര്‍ യോദ്ധാക്കള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ ഭയാനകമായ വിദ്വേഷ പ്രചാരണം നടത്തുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ കര്‍ശന നിലപാടെടുത്ത ഗൌരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ് എടുത്തുപറഞ്ഞു.

"2017 സെപ്തംബർ 5ന് ബംഗളൂരുവിലെ വീട്ടിൽ വെച്ചാണ് ഗൌരി ലങ്കേഷിനെ വെടിവെച്ചു കൊന്നത്. ആ കൊലപാതകം രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായി. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരായ റാണ അയൂബിനെയും ബര്‍ക്ക ദത്തിനെയും കൂട്ടബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത് അവരുടെ വ്യക്തിവിവരങ്ങള്‍ സൈബര്‍ യോദ്ധാക്കള്‍ പരസ്യപ്പെടുത്തി".

മാധ്യമപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടേഴ്സ് സാന്‍ ഫ്രോണ്ടിയേഴ്സ് ഏപ്രിലില്‍ പറയുകയുണ്ടായി. മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 142ആം സ്ഥാനത്താണ് ഇന്ത്യ.

TAGS :

Next Story