ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിക്ക് പ്രധാനമന്ത്രി ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ട നടപടികളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
ജനുവരി 27 ന് നടക്കുന്ന ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടി വെർച്വൽ ഫോർമാറ്റിലായിരിക്കും നടക്കുക. കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, തജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയിൽ പങ്കെടുത്തേക്കും.
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന്റെ മികച്ച പ്രതിഫലനമാണ് ആദ്യ ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രിമാരുടെ പങ്കാളിത്തത്തിൽ 2021 ഡിസംബർ 18 മുതൽ 20 വരെ ന്യൂഡൽഹിയിൽ നടന്ന മൂന്നാമത്തെ യോഗമാണ് ഇന്ത്യ-മധ്യേഷ്യൻ ബന്ധങ്ങൾക്ക് പ്രചോദനം നൽകിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ൽ എല്ലാ മധ്യേഷ്യൻ രാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ട നടപടികളെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 നവംബർ 10 ന് ന്യൂഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രാദേശിക സുരക്ഷാ സംവാദത്തിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ കൗൺസിലുകളുടെ സെക്രട്ടറിമാർ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കും മധ്യേഷ്യൻ രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ, വിശദമായ ചർച്ച നടന്നേക്കാം. വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറാനുള്ള സാധ്യതയും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
Adjust Story Font
16