Quantcast

''56 ഇഞ്ച് നെഞ്ചിന് ഇതുവരെ പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാൻ ധൈര്യം വന്നിട്ടില്ല'': മോദിയെ പരിഹസിച്ച് ജയറാം രമേശ്

സംവാദത്തിന് രാഹുൽ ക്ഷണം സ്വീകരിച്ചതോടെ മോദിയെ വെല്ലുവിളിച്ച് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്

MediaOne Logo

Web Desk

  • Published:

    12 May 2024 2:36 PM GMT

Modi and Jayaram Ramesh
X

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും മുൻ ജഡ്‌ജിമാരും മുന്നോട്ട് വച്ച പൊതു സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചതിന് പിന്നാലെ 'പെട്ടിരിക്കുകയാണ്' ബി.ജെ.പി. സംവാദം സംബന്ധിച്ച വാര്‍ത്ത ചര്‍ച്ചയായപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി ക്ഷണം സ്വീകരിച്ച് രംഗത്തെത്തി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മോദി ഒരക്ഷരം മിണ്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് റാലികളിലെല്ലാം അദ്ദേഹം ഇതു സംബന്ധിച്ച് മൗനം പാലിക്കുകയാണ്.

അതേസമയം സംവാദത്തിന് രാഹുൽ ക്ഷണം സ്വീകരിച്ചതോടെ മോദിയെ വെല്ലുവിളിച്ച് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും സംവാദത്തിന് തങ്ങൾ തയാറാണെന്നും രാഹുൽ തെരഞ്ഞെടുപ്പ് റാലികളിൽ ആവർത്തിക്കുന്നുണ്ട്. ഇതിനിടെ മോദിയെ പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്ത് എത്തി.

56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പരിഹാസം. 'പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുൽ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്. 56 ഇഞ്ച് നെഞ്ച് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം സംഭരിച്ചിട്ടില്ല.'- ജയറാം രമേശ് എക്‌സില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി. രാഹുലുമായി സംവദിക്കാന്‍ മോദിക്ക് ധൈര്യമില്ലെന്നും അദ്ദേഹം ഒളിച്ചോടുകയാണെന്നുമാണ് പലരും കുറിക്കുന്നത്. ചിലര്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയൊക്കെ 'കുത്തിപ്പൊക്കുന്നുണ്ട്'.

എന്നാല്‍ മോദിയുമായി സംവാദത്തിന് തയ്യാറെടുക്കാന്‍ രാഹുല്‍ ഗാന്ധിയാരാണെന്ന 'ലൈനാണ്' ബി.ജെ.പി നേതാക്കള്‍ പിടിച്ചിരിക്കുന്നത്. രാ​ഹുൽ ​ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥി പോലുമല്ല, പിന്നെ എന്തിന് മോദി, ഇദ്ദേഹവുമായി സംവാദം നടത്തണം എന്നാണ് ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ചോദ്യം. സ്മൃതി ഇറാനിയും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്. അതേസമയം മോദിയും അമിത് ഷായും എല്ലാ വേദികളിലും രാഹുല്‍ ഗാന്ധിയെ കണക്കിന് വിമര്‍ശിക്കുന്നുണ്ട്. ഇക്കാര്യം മറന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധിയാരാണെന്ന് ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ശനിയാഴ്‌ചയാണ് പ്രധാനമന്ത്രി മോദിയുമായുള്ള പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ചതായി രാഹുൽ ഗാന്ധി അറിയിച്ചത്. മുൻ ജഡ്‌ജിമാരായ മദൻ ബി ലോകൂർ, അജിത് പി ഷാ, മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പൊതു സംവാദത്തിന് ക്ഷണിച്ചുകൊണ്ട് കത്തെഴുതിയത്.

സുപ്രീം കോടതിയിലെ മുൻ ജഡ്‌ജിയാണ് മദൻ ബി ലോകൂർ. എപി ഷാ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ്. ദി ഹിന്ദുവിന്‍റെ മുൻ എഡിറ്റർ ഇൻ ചീഫാണ് എൻ റാം. നേതാക്കള്‍ തമ്മിലുള്ള ഒരു പൊതു സംവാദം പൊതുജനങ്ങളെ ബോധവത്‌കരിക്കുക മാത്രമല്ല, ആരോഗ്യകരവും ഊർജസ്വലവുമായ ജനാധിപത്യത്തെ ഉയർത്തിക്കാട്ടുക കൂടി ചെയ്യുമെന്ന് ഇവര്‍ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story