Quantcast

യുഎന്‍ ആസ്ഥാനത്ത് യോഗ ദിനാചരണം, ബൈഡനുമായി കൂടിക്കാഴ്ച; പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം

അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും

MediaOne Logo

Web Desk

  • Published:

    20 Jun 2023 1:23 AM GMT

pm narendra modi foreign trip
X

ഡല്‍ഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. മണിപ്പൂരിൽ സംഘർഷം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നടത്തുന്ന വിദേശ പര്യടനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

ന്യൂയോർക്കിൽ സന്ദർശന പരിപാടികൾക്ക് തുടക്കം കുറിക്കുന്ന പ്രധാനമന്ത്രി, ജൂണ്‍ 21ന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. ജൂണ്‍ 22ന് വൈറ്റ് ഹൗസിൽ വെച്ചാണ് അമേരിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സെപ്റ്റംബറിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യയിൽ എത്തും. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡനെ കാണുന്നത്. അമേരിക്കയുമായി ചേർന്നുള്ള ചില സുപ്രധാന നടപടികൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

സെമികണ്ടക്ടറുകൾ സംബന്ധിച്ച ഇരു രാജ്യങ്ങൾക്കിടയിലെ ധാരണ, അമേരിക്കയിൽ നിന്ന് 31 ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം എന്നിവയും സന്ദർശനത്തിൽ മുഖ്യ ചർച്ചാ വിഷയമായേക്കും. അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ജൂൺ 24 വരെ നീളുന്ന അമേരിക്കൻ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും. ഈ വർഷത്തെ റിപബ്ലിക് ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള കച്ചവട നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ഷ്യൻ സന്ദർശനത്തിന്‍റെ ലക്ഷ്യം.

TAGS :

Next Story