Quantcast

'കേരളത്തിലും ബി.ജെ.പി അധികാരത്തിലെത്തും': വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയത്തിൽ നന്ദി പറഞ്ഞ് പ്രധാനമന്ത്രി

'ഒരിടത്ത് സൗഹൃദവും മറ്റൊരിടത്ത് ശത്രുതയുമാണ്. രണ്ട് പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്'

MediaOne Logo

Web Desk

  • Updated:

    2023-03-02 16:34:35.0

Published:

2 March 2023 4:28 PM GMT

PM Narendra Modi On BJP Northeast Win
X

Narendra Modi

ഡല്‍ഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് മുന്നിൽ ശിരസ്സ് കുനിക്കുകയാണ്. പ്രവർത്തകരുടെ സേവന മനോഭാവവും ബി.ജെ.പി സർക്കാരുകളുടെ ക്ഷേമ പ്രവർത്തനങ്ങളുമാണ് പാർട്ടിയുടെ വിജയ മന്ത്രം. കള്ളം പ്രചരിപ്പിക്കുന്തോറും ബി.ജെ.പി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ത്രിപുരയിലെ കോൺഗ്രസ് - സി.പി.എം കൂട്ടുകെട്ടിനെയും പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിലെ ജനങ്ങളും ഇത് കാണുന്നുണ്ട്. ഒരിടത്ത് സൗഹൃദവും മറ്റൊരിടത്ത് ശത്രുതയുമാണ്. രണ്ട് പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

ത്രിപുരയിൽ മുൻകാല ഭരണത്തിൽ മറ്റു പാർട്ടികൾക്ക് പതാക ഉയർത്താൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ വിജയം ജനാധിപത്യം ശക്തമാണ് എന്ന സന്ദേശം നൽകുന്നു. ഒരു കാലത്ത് തെരഞ്ഞെടുപ്പ് കാലം എന്നത് അക്രമത്തിന്‍റെ കാലഘട്ടം ആയിരുന്നു. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചിരുന്നു. പുതിയ ചിന്താഗതിയുടെ പ്രതീകമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയായ ശേഷം താൻ അമ്പതിലേറെ തവണ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബി.ജെ.പിയുടെ വിജയമന്ത്രം എന്തെന്ന് ആലോചിച്ച് പ്രതിപക്ഷം വല്ലാതെ അസ്വസ്ഥരാകുന്നു. എല്ലാവരെയും വേർതിരിവ് ഇല്ലാതെ സേവിക്കുന്നു. എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യം. തങ്ങളെ സംബന്ധിച്ച് രാജ്യവും ജനതയുമാണ് പ്രധാനപ്പെട്ടതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മുൻ സർക്കാരിന്‍റെ കാലത്ത് വൈദ്യുതി പോലും ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവർക്ക് ഇത്രയും ശ്രമകരമായ ദൗത്യം ഏറ്റെടുക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല. ദാരിദ്ര്യം ഇല്ലാതാക്കാൻ ദരിദ്രരായ മനുഷ്യർ പോലും തനിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. നാഗാലാൻഡിൽ ആദ്യമായി വനിതാ എം.എല്‍.എയുണ്ടായി. ഇത് രാജ്യത്തെ വനിതകൾക്ക് അഭിമാന നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചിലർ മോദിയുടെ ശവക്കുഴി തോണ്ടണമെന്ന് ചിന്തിക്കുന്നുവെന്നും അവർ സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടേ ഇരിക്കുന്നുവെന്നും പ്രതിപക്ഷത്തെ ലക്ഷ്യംവെച്ച് പ്രധാനമന്ത്രി പറഞ്ഞു. ചിലർ മോദി മരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. എന്നാൽ മോദി പോവരുതെന്ന് രാജ്യം ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ചെറിയ സംസ്ഥാനങ്ങളെ അവഗണിച്ച് വലിയ തെറ്റ് ചെയ്യുകയാണ്. കോൺഗ്രസ് വോട്ടുബാങ്ക് കണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ജനങ്ങൾക്ക് വേണ്ടി ബി.ജെ.പി ചെയ്ത സേവനങ്ങളെ ചെറിയ കാര്യങ്ങളെന്ന് കോൺഗ്രസ് പരിഹസിച്ചു. ഈ മനോഭാവം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പരാജയപ്പെടുത്തും. ബി.ജെ.പി ഹിന്ദി ബെൽറ്റിലെ പാർട്ടിയാണെന്ന് പരിഹസിച്ചു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ ബി.ജെ.പിക്ക് സ്വാധീനമില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്നാൽ ഇതെല്ലാം മാറിമറിഞ്ഞു. ഇതിന്‍റെ ഉദാഹരണമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയെ കുറിച്ച് കള്ളം പ്രചരിപ്പിക്കുംതോറും ബി.ജെ.പി വളരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിജയാഘോഷത്തിന്‍റെ ഭാഗമായി മൊബൈൽ ടോർച്ച് തെളിയിക്കാൻ പ്രസംഗത്തിനിടെ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

Summary- The BJP's good performance in the assembly elections in three northeast states show people's solid trust in democracy and the democratic process, Prime Minister Narendra Modi said at the party's headquarters in Delhi today.

TAGS :

Next Story