'രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപകീർത്തിപ്പെടുത്തി'; മണിശങ്കർ അയ്യരുടെ മകൾക്കെതിരെ പരാതി
ബി.ജെ.പി നേതാവും അഭിഭാഷകനുമായ അജയ് അഗർവാളാണ് ഡൽഹി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളിൽ അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ സുരണ്യ അയ്യർക്കെതിരെ പരാതി. അഭിഭാഷകനും ബി.ജെ.പി നേതാവുമായ അജയ് അഗർവാളാണ് ഡൽഹി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ജനുവരി 20 ന് ക്ഷേത്രത്തിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ സുരണ്യ അയ്യർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. യൂട്യൂബിലും ഫേസ്ബുക്കിലും സുരണ്യ പോസ്റ്റ് ചെയ്ത 36 മിനിറ്റുള്ള വീഡിയോ വിശദമായി പരിശോധിക്കണമെന്നും പരാതിയിലുണ്ട്.
ഹിന്ദുമതത്തിൻ്റെയും ദേശീയതയുടെയും പേര് പറഞ്ഞ് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും മുസ്‍ലിം പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ നിലപാടെടുത്ത സുരണ്യ അയ്യർ മൂന്ന് ദിവസം ഉപവാസം അനുഷ്ഠിച്ച് പ്രതിഷേധിച്ചിരുന്നു. ജനുവരി 20 മുതൽ 23 വരെ ഉപവാസം അനുഷ്ഠിക്കുന്ന വിവരം സുരണ്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
ഇതിനൊപ്പമായിരുന്നു രാമക്ഷേത്രത്തിനെക്കുറിച്ചും പരാമർശം നടത്തിയത്. സോഷ്യൽമീഡിയ പോസ്റ്റിന് പിന്നാലെ സുരണ്യ അയ്യരോടും മണിശങ്കർ അയ്യരോടും താമസ സ്ഥലം മാറണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജംഗ്പുരയിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
രാമക്ഷേത്രത്തിനെതിരായ നിലപാടിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അത്തരം നിലപാടുകൾ ഉള്ളവർ താമസിക്കുന്ന ഇടത്തേക്ക് മാറണമെന്നായിരുന്നു റെസിഡൻസ് അസോസിയേഷൻ സുരണ്യയോട് ആവശ്യപ്പെട്ടത്. ‘അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയ്‌ക്കെതിരെ നിലകൊള്ളുകയാണെങ്കിൽ, അത്തരം ചിന്താഗതിയുള്ളവർ താമസിക്കുന്ന ഇടത്തേക്ക് മാറണം. അവിടെയുള്ളവർക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ നിങ്ങൾ ഉന്നയിക്കുന്ന വാദങ്ങളോട് കണ്ണടയ്ക്കാൻ കഴിയുമെന്നും അസോസിയഷൻ സുരണ്യക്ക് നൽകിയ കത്തിൽ പറയുന്നു.
എന്നാൽ താൻ താമസിക്കുന്ന വീടുമായോ കോളനിയുമായോ ജംഗ്പുര റസിഡൻ്റ് വെൽഫെയർ അസോസിയേഷന് യാതൊരു ബന്ധവുമില്ലെന്ന് സുരണ്യ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16