‘മുസ്‍ലിംകളെ പൊലീസ് ഉപദ്രവിക്കുന്നത് പതിവാണ്’; ദുരിതം പങ്കുവച്ച് രാജസ്ഥാനിലെ കുടുംബങ്ങൾ
കഴിഞ്ഞദിവസമാണ് അൽവാർ ജില്ലയിൽ നവജാത ശിശുവിനെ പൊലീസുകാരൻ ചവിട്ടിക്കൊന്നത്

ജയ്‌പൂർ: ദിവസങ്ങൾക്ക് മുമ്പാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മാതാവിന്റെ അടുത്ത് ഉറങ്ങികിടന്ന ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിക്കൊന്നത്. രാജ്യമാകെ പ്രതിഷേധത്തിന് വഴിവെച്ച സംഭവമായിരുന്നു ഇത്. ഇവിടെനിന്ന് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൈബർ ക്രൈം അന്വേഷണമെന്ന പേരിൽ നിരന്തരം മുസ്‌ലിം വീടുകളിൽ റൈഡുകൾ നടക്കുന്നതായും യുവാക്കളെ നിരന്തരം അറസ്റ്റ് ചെയ്യുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നതായി ‘മക്തൂബ് മീഡിയ’ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാനിലെ മേവാത് എന്ന പ്രദേശം സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. സർക്കാർ കണക്കുപ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളിൽ 54 ശതമാനത്തിന്റെയും കേന്ദ്രം മേവാത്താണ്. ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലായി പരന്ന് കിടക്കുന്ന പ്രദേശമാണിത്. മിയ മുസ്‍ലിംകൾ തിങ്ങി പാർക്കുന്ന സ്ഥലം കൂടിയാണിത്. ഇവിടെ നടക്കുന്നു എന്ന അവകാശപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും സ്മാർട്ട്‌ഫോൺ തട്ടിപ്പുകളാണ്. കുറ്റവാളികൾ ഇരകളെ കബളിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്നതാണ് രീതി. മറ്റു സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് വ്യത്യസ്തമായിസങ്കീർണ്ണമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള കുറ്റകൃത്യ ശൃംഖലകയാണ് മേവാത്തിലുള്ളത്.
ഈ പ്രദേശത്താണ് സ്വന്തമായി ഒരു സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത ഇമ്രാൻ ഖാൻ എന്ന യുവാവിനെ കഴിഞ്ഞ ദിവസം സൈബർ ക്രൈം റാക്കറ്റിന്റെ ഭാഗമാണെന്ന് പറഞ്ഞ് പുലർച്ച പൊലീസ് റെയ്ഡ് എത്തുന്നത്. ആ ചെറിയ വീടിന്റെ വാതിലും മേൽക്കൂരയുമെല്ലാം പൊളിച്ചാണ് റെയ്ഡ് എന്ന പേരിൽ പൊലീസുകാർ അവിടേക്ക് കയറിചെല്ലുന്നത്. “ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്റെ ഭാര്യയെ വീട്ടിൽനിന്നും പുറത്തേക്ക് വലിച്ചിഴച്ചു. എന്നിട്ട് അവർ ഞങ്ങളുടെ റൂമിലേക്ക് കയറി. അതിലൊരു പൊലീസുകാരൻ കട്ടിലിലേക്ക് ചാടിക്കയറി. അവിടെ കിടക്കുന്ന എന്റെ മോളുടെ തലയിൽ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിയരച്ചു. മകളുടെ തലയുടെ ഒരു ഭാഗം ചതഞ്ഞ പോലെയായിരുന്നു. മൂക്കിൽ നിന്നും നിർത്താത്ത ചോര. അവൾ ഉടൻ തന്നെ മരിച്ചു, ഒന്ന് ഒച്ച പോലും വെക്കാൻ ആവാതെ” ഇമ്രാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം കുഞ്ഞിന്റെ കൊലപാതകത്തിന് സാക്ഷിയായ മാതാവ് റജീദ ഇപ്പോഴും കിടപ്പിലാണ്. ഒരു ഭാഗം തളർന്ന പോലെയാണെന്നും അവർ പറയുന്നു.
വനിതാ പൊലീസുകാരില്ലാതെയാണ് റെയ്ഡിന് വരാറുള്ളത്. കൂടാതെ സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ഉപദ്രവിക്കുമെന്നും നാട്ടുകാർ പറയുന്നു. വ്യാജമായി തെളിവുകളുണ്ടാക്കി പൊലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിലാണ്. ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പ്രതിഷേധത്തിന്റെ മുൻപന്തിയിൽ. പൊലീസിന്റേത് കൃത്യമായ മുസ്‌ലിം വിരുദ്ധതയാണെന്നും ആ കുഞ്ഞിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. കൊലപാതകത്തിന്റെ പിറ്റേന്ന് ബൃദ്ധ കാരാട്ട് ഉൾപ്പെടെയുള്ള സിപിഎം സംഘം സ്ഥലം സന്ദർശിച്ചിട്ടുണ്ട്. കുറ്റവാളികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് സിപിഎമ്മും സമരം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16