പോപുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാര്‍ വരെ ആവശ്യപ്പെട്ടു-ദേവേന്ദ്ര ഫഡ്‌നാവിസ്
കൊച്ചിയിൽ അറസ്റ്റിലായ പി.എഫ്.ഐ നേതാക്കളെ ഏഴുദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്
നാഗ്പൂർ: രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ പോപുലർ ഫ്രണ്ടിന്(പി.എഫ്.ഐ) പദ്ധതിയുണ്ടായിരുന്നുവെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. കേരള സർക്കാർ അടക്കം പാർട്ടിയെ നിരോധിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഫഡ്‌നാവിസ് വെളിപ്പെടുത്തി. ദേശവ്യാപകമായി പി.എഫ്.ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനും നേതാക്കന്മാരുടെ അറസ്റ്റിനും പിന്നാലെ നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം പി.എഫ്.ഐ പുതിയ പ്രവർത്തന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ അവർക്ക് വലിയ പദ്ധതിയുണ്ടായിരുന്നു. സാമുദായിക സംഘർഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.
എൻ.ഐ.എയുടെയും എ.ടി.എസിന്റെയും പക്കൽ മതിയായ തെളിവുണ്ടെന്നാണ് പോപുലർ ഫ്രണ്ടിനെതിരായ നടപടി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ഏജൻസികളെല്ലാം വിഷയം അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കേരള സർക്കാരും പി.എഫ്.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഫഡ്‌നാവിസ് വെളിപ്പെടുത്തി.
വ്യാഴാഴ്ചയാണ് രാജ്യത്തുടനീളം പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കന്മാരുടെ വസതികളിലും എൻ.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നത്. മഹാരാഷ്ട്രയിൽ ഭീകരവിരുദ്ധ സേന(എ.ടി.എസ്) അന്വേഷണത്തിന്റെ ഭാഗമായിരുന്നു. റെയ്ഡിനു പിന്നാലെ ദേശീയ നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത നേതാക്കളെ ഏഴുദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
Summary: PFI has massive plans to trigger unrest in India, in the recent past, even the Kerala government sought a ban on the party, says Maharashtra Deputy CM Devendra Fadnavis
Adjust Story Font
16