'മുസ്‌ലിംകൾക്ക് വസ്തു വിൽക്കരുത്, വാടകയ്ക്ക് നൽകരുത്'; ജയ്പൂരിൽ പോസ്റ്റർ, വിവാദം
'ഞങ്ങൾ ഉടൻ തന്നെ പോസ്റ്ററുകൾ നീക്കി. അതൊരു വലിയ പ്രശ്‌നമല്ല; കോളനിയിലെ ആറോ ഏഴോ വീടുകളിൽ മാത്രമേ ഇവ സ്ഥാപിച്ചിട്ടുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല'; ബ്രഹ്മപുരി പൊലീസ് സ്റ്റേഷനിലെ സെക്കൻഡ് ഓഫീസർ
രാജസ്ഥാനിലെ ജയ്പൂരിൽ മുസ്‌ലിംകൾക്ക് വസ്തു വിൽക്കരുതെന്നും വാടകയ്ക്ക് നൽകരുതെന്നും ആവശ്യപ്പെട്ട് പോസ്റ്ററുകൾ. നന്ദ്പുരി കോളനിയിലാണ് വിവാദ പോസ്റ്ററുകൾ പതിച്ചത്. സംഭവം വിവാദമായതോടെ പോസ്റ്ററുകൾ നീക്കിയതായി ജയ്പൂർ പൊലീസ് അറിയിച്ചു. ഫെബ്രുവരി 28നാണ് പോസ്റ്റർ പതിച്ചത് അറിഞ്ഞതെന്നും ഉടൻ നീക്കിയെന്നും അവർ വ്യക്തമാക്കി.
നന്ദപുരി കോളനിയിലെ ആറ് വീടുകളിലാണ് മുസ്‌ലിംകൾക്കെതിരെയുള്ള പോസ്റ്റർ പതിച്ചത്. 'ഹിന്ദുവോൻ സെ അപ്പീൽ. സംഘടിത് രഹോ, സംഘർഷ് കരോ. മുസ്‌ലിം ജിഹാദ് കെ ഖിലാഫ് ഏക് ജുത് രഹോ (ഹിന്ദുക്കളോടുള്ള ഒരു അഭ്യർത്ഥന: മുസ്‌ലിം ജിഹാദിനെതിരെ ഐക്യത്തോടെ നിലകൊള്ളുക)' ഒരു പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയാണ്.
ഹിന്ദുക്കൾ മുസ്ലിംകൾക്ക് ഈ പ്രദേശത്തെ വസ്തുവകകൾ വാടകയ്ക്കെടുക്കുകയോ വിൽക്കുകയോ ചെയ്യുന്നതിനെച്ചൊല്ലി ചിലർക്ക് അതൃപ്തിയുണ്ടായ പശ്ചാത്തലത്തിലാണ് ഈ സംഭവം ഉണ്ടായത്. നേരത്തെയും കോളനിയിൽ വിദ്വേഷ പോസ്റ്ററുകൾ പതിച്ചിരുന്നു. ഫെബ്രുവരി 19നാണ് തങ്ങൾക്ക് വിവാദ പോസ്റ്ററിനെ കുറിച്ച് വിവരം ലഭിച്ചതെന്ന് ബ്രഹ്മപുരി പൊലീസ് സ്റ്റേഷനിലെ സെക്കൻഡ് ഓഫീസർ ഹരി ഓം പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 'ഞങ്ങൾ ഉടൻ തന്നെ പോസ്റ്ററുകൾ നീക്കി. അതൊരു വലിയ പ്രശ്‌നമല്ല; കോളനിയിലെ ആറോ ഏഴോ വീടുകളിൽ മാത്രമേ ഇവ സ്ഥാപിച്ചിട്ടുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല' അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രദേശത്ത് നിന്നുള്ള ബി.ജെ.പി. കൗൺസിലർ (വാർഡ് 22) അനിത ജയ്ൻ പോസ്റ്ററിനെ കുറിച്ച് തനിക്ക് വിവരമുണ്ടായിരുന്നുവെന്നും അതിനെ അനുകൂലിക്കുന്നുവെന്നും പറഞ്ഞു. നഗരത്തിനുള്ളിൽ മുസ്‌ലിം ജനസംഖ്യ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അവർ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കടന്നുകയറുകയാണന്നെും കൗൺസിലർ പറഞ്ഞു. പ്രദേശത്തുള്ള ഒരാൾ തന്റെ വീട് മുസ്‌ലിം കുടുംബത്തിന് വിറ്റതിനെ തുടർന്നാണ് പോസ്റ്റർ പതിച്ചതെന്നും അനിത പറഞ്ഞു.
Adjust Story Font
16