പ്രജ്വൽ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ അമ്മക്കും നോട്ടീസ് നൽകി അന്വേഷണ സംഘം
ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഭവാനി രേവണ്ണ'യോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്
ബംഗളുരു: ലൈംഗികാതിക്രമ കേസിൽ കർണാടക എം.പി പ്രജ്വൽ രേവണ്ണ അറ്സ്റ്റിലായതിന് പിന്നാലെ അമ്മക്കും പൊലീസിന്റെ നോട്ടീസ്. ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആ കേസിലാണ് ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. അതിജീവിതയെ തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത നൽകിയിരുന്നു.
അതെ സമയം ഭവാനി രേവണ്ണ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും .ഈ കേസില്‍ പ്രജ്വലിന്റെ പിതാവ് നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. രേവണ്ണയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് എസ്.ഐ.റ്റി. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിനു സാധ്യതയുണ്ടെന്നു കണ്ടാണ് ഭവാനിയുടെ മുൻകൂർ ജാമ്യ ഹർജി.
34 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷം പ്രജ്വൽ ജർമനിയിൽനിന്ന് പുലർച്ചെയാണ് ബെംഗളൂരു എയർപോർട്ടിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽനിന്ന് പ്രജ്വലിനെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നു പൊലീസ് നീക്കം.
ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈൽ ഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എം.പിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മുവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്.
Adjust Story Font
16