ഗുജറാത്ത് പിടിക്കാം; രാഹുലിന് മുമ്പിൽ ഓഫർ വച്ച് പ്രശാന്ത് കിഷോർ
കഴിഞ്ഞ വർഷം കിഷോർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു
ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കാൻ സന്നദ്ധമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇക്കാര്യം കിഷോർ രാഹുൽ ഗാന്ധിയെ അറിയിച്ചതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി ചർച്ചകൾ നേരത്തെ രാഹുലും പ്രശാന്ത് കിഷോറും നടത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇവ വഴി മുട്ടി. അതിനിടെ, ബംഗാൾ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി കിഷോർ പ്രചാരണച്ചുമതല വഹിച്ചു. ഇതിനു പിന്നാലെ രാഹുലും കിഷോറും തമ്മിലുള്ള ബന്ധം മോശമാകുകയായിരുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ ഇദ്ദേഹം രാഹുലിന് മുമ്പിൽ വച്ചിട്ടുള്ളത്. എന്നാൽ നിർദേശത്തിൽ കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തിട്ടില്ല. നേരത്തെ, ഗുജറാത്തിൽ നിന്നുള്ള ചില കോൺഗ്രസ് നേതാക്കൾ കിഷോറിന്റെ സഹായം ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.
കഴിഞ്ഞ വർഷം കിഷോർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇത് നടന്നില്ലെന്ന് ഈയിടെ പ്രിയങ്കാ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിനെ നയിക്കാൻ ഒരു വ്യക്തിക്കും ദൈവികമായ അവകാശമില്ലെന്ന് ഈയിടെ കിഷോർ പറഞ്ഞിരുന്നു. രാഹുലിനെതിരെയായിരുന്നു വിമർശം. പത്തു വർഷത്തിനിടെ 90 ശതമാനം തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് കോൺഗ്രസ് ഗുജറാത്തിൽ ശ്രദ്ധ കൊടുക്കുന്നത്. കഴിഞ്ഞ ദിവസം 75 ജനറൽ സെക്രട്ടറിമാരും 25 വൈസ് പ്രസിഡണ്ടുമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
Adjust Story Font
16