Quantcast

ഗാന്ധി കുടുംബവുമായി നിര്‍ണായക ചര്‍ച്ച; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന

2024 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടാകുന്ന സഖ്യത്തില്‍ പ്രശാന്ത് കിഷോര്‍ പ്രാധന റോളിലേക്ക് വരുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    14 July 2021 1:32 PM GMT

ഗാന്ധി കുടുംബവുമായി നിര്‍ണായക   ചര്‍ച്ച; പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന
X

ഗാന്ധി കുടുംബവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് രാജ്യത്തെ രാഷ്ട്രീയ ചാണക്യന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശാന്ത് കിഷോറിന്‍റെ പാര്‍ട്ടി പ്രവേശനത്തെ കുറിച്ചുള്ള വലിയ വാര്‍ത്ത ഉടന്‍ പുറത്ത് വന്നേക്കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനായാണ് പ്രശാന്ത് കിഷോര്‍ ഗാന്ധിമാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതാദ്യമായല്ല പ്രശാന്ത് കിഷോര്‍ - കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ഇത്തവണ കേവല തെരഞ്ഞെടുപ്പ് പദ്ധതിരൂപീകരണത്തിന് പുറമെ, അതിലും വലിയ വാര്‍ത്ത വഴിയേ വരുമെന്നാണ് സ്രോതസുകളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തെ തുടര്‍ന്ന് വിപുലമായ രാഷ്ട്രീയ ചര്‍ച്ചകളിലാണ് പ്രശാന്ത് കിഷോര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

നേരത്തെ, എന്‍.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിക്ക് എതിരെ വിശാല പ്രതിപക്ഷം എന്ന ആശയവുമായിട്ടായിരുന്നു പവാര്‍ - കിഷോര്‍ കൂടിക്കാഴ്ച്ച നടന്നത്. അന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യചര്‍ച്ചയോട് പ്രശാന്ത് കിഷോര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസിനെ കൂടാതെയുള്ള സഖ്യരൂപീകരണത്തിലുള്ള നീരസം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2024 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടാകുന്ന ചേരിയില്‍ പ്രശാന്ത് കിഷോര്‍ പ്രാധന റോളിലേക്ക് വരുമെന്നാണ് സൂചന. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള പ്രശാന്ത് കിഷോറിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അത്ര 'ഗുഡ് ഇമേജ'ല്ല ഉള്ളത്. 2017 ല്‍ നടന്ന ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

സമാജ്‍വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ച് പങ്കെടുത്ത തെരഞ്ഞെടുപ്പ് പോരില്‍ ബി.ജെ.പിയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിനും കോണ്‍ഗ്രസിനും ആശ്വാസ ജയം ലഭിച്ചിരുന്നു. കോണ്‍ഗ്രസിനെ ഇന്ത്യയിലെ പഴക്കംചെന്ന പാര്‍ട്ടിയെന്നും അതിന്റെ പ്രവര്‍ത്തന ശൈലി മാറേണ്ടതുണ്ടെന്നും അന്ന് പ്രശാന്ത് കിഷോര്‍ വിമര്‍ശിക്കുകയുണ്ടായി. പാര്‍ട്ടില്‍ പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും എങ്കിലേ എന്തെങ്കിലു ചെയ്യാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story