Quantcast

തൃണമൂലിനു വേണ്ടി സർവേ; പ്രശാന്ത് കിഷോറിന്റെ സംഘത്തെ ത്രിപുര പൊലീസ് തടഞ്ഞു

പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ-പാകിന്റെ 23 ജീവനക്കാരെയാണ് ത്രിപുര തലസ്ഥാനമായ അഗർത്തലയിലെ സ്വകാര്യ ഹോട്ടലിൽ പൊലീസ് തടഞ്ഞുവച്ചത്

MediaOne Logo

Web Desk

  • Published:

    26 July 2021 4:32 PM GMT

തൃണമൂലിനു വേണ്ടി സർവേ; പ്രശാന്ത് കിഷോറിന്റെ സംഘത്തെ ത്രിപുര പൊലീസ് തടഞ്ഞു
X

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സംഘത്തെ ത്രിപുരയിൽ തടഞ്ഞു. തൃണമൂൽ കോൺഗ്രസിനു വേണ്ടി സർവേ നടത്താനായി എത്തിയ കിഷോറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി(ഐ-പാക്) സംഘത്തെയാണ് പൊലീസ് ഹോട്ടലിൽ തടഞ്ഞുവച്ചത്.

23 അംഗ ഐ-പാക് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കിടയിൽ സർവേ നടത്തിവരികയായിരുന്നു. സർക്കാർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനാഭിപ്രായം തേടിക്കൊണ്ടായിരുന്നു സർവേ. തലസ്ഥാനമായ അഗർത്തലയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു സംഘം നാലു ദിവസം തങ്ങിയിരുന്നത്.

എന്നാൽ, ഇന്നു രാവിലെ ഹോട്ടലിൽ പൊലീസും ആരോഗ്യ പ്രവർത്തകരുമെത്തി. സംഘത്തിന്റെ സന്ദർശനലക്ഷ്യങ്ങൾ വിശദമായി ചോദിച്ചു. കോവിഡ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ടുകളും ആവശ്യപ്പെട്ടു. തുടർന്ന്, ആരോഗ്യ പ്രവർത്തകർ അനുമതി നൽകുന്നതുവരെ പുറത്തിറങ്ങരുതെന്ന് സംഘത്തോട് കൽപിക്കുകയായിരുന്നു.

ഐ-പാക് സംഘത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു. ബംഗാളിലെ തൃണമൂൽ വിജയത്തിൽ ബിജെപി പരിഭ്രമിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് 23 ഐ-പാക് ജീവനക്കാരെ വീട്ടുതടങ്കലിലാക്കിയതെന്നും അഭിഷേക് കുറ്റപ്പെടുത്തി. തൃണമൂൽ നേതാക്കൾ എത്തുന്നതിനുമുൻപു തന്നെ ത്രിപുര ബിജെപിയുടെ ഭയം വ്യക്തമാണ്. ബിജെപിയുടെ ദുർഭരണത്തിനു കീഴിൽ രാജ്യത്ത് ജനാധിപത്യം ആയിരം തവണയാണ് മരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, സംഘത്തെ വീട്ടുതടങ്കലിലാക്കിയ വാർത്ത ഈസ്റ്റ് അഗർത്തല പൊലീസ് ഇൻസ്‌പെക്ടർ സരോജ് ഭട്ടാചർജി തള്ളി. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യ അധികൃതരുടെ അനുമതി ലഭിക്കുന്നതുവരെ ഹോട്ടലിൽ തുടരാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സരോജ് വ്യക്തമാക്കി.

TAGS :

Next Story