Quantcast

വായ്പാ തിരിച്ചടവ് മുടങ്ങി; ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ

മൂന്നു മാസം ഗർഭിണിയായ യുവതി ഭിന്നശേഷിക്കാരനായ കർഷകന്റെ മകളാണ്

MediaOne Logo

Web Desk

  • Published:

    17 Sep 2022 4:24 AM GMT

വായ്പാ തിരിച്ചടവ് മുടങ്ങി; ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ
X

റാഞ്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ഗർഭണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി മഹീന്ദ്ര ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഇച്ചാക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭിന്നശേഷിക്കാരനായ കർഷകന്റെ മകളാണ് കൊല്ലപ്പെട്ടത്.

ഫിനാൻസ് കമ്പനി മുഖേനെ വർഷങ്ങൾക്കുമുൻപാണ് ഇദ്ദേഹം വായ്പാടിസ്ഥാനത്തിൽ ട്രാക്ടർ വാങ്ങിയത്. എന്നാൽ, ഇൻസ്റ്റാൾമെന്റ് തുക വൈകിയതോടെ മഹീന്ദ്ര ജീവനക്കാർ കർഷകന്റെ വീട്ടിലെത്തി. ഈ സമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. വീട്ടുമുറ്റത്തുണ്ടായിരുന്ന ട്രാക്ടർ കൊണ്ടുപോകാൻ ഇവർ ശ്രമിച്ചതോടെ മൂന്നു മാസം ഗർഭിണിയായ മകളടക്കം എതിർപ്പുമായി രംഗത്തെത്തി.

കുടുംബവും ജീവനക്കാരും തമ്മിൽ ഏറെനേരം വാക്കുതർക്കമുണ്ടായി. എന്നാൽ, കുടുംബത്തിന്റെ എതിർപ്പ് ഉദ്യോഗസ്ഥർ വകവച്ചില്ല. ട്രാക്ടർ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചതോടെ മകൾ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. എന്നാൽ, മുന്നോട്ടുതന്നെ വാഹനമെടുത്ത് യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ മഹീന്ദ്ര ഫിനാൻസ് മാനേജർ, റീക്കവറി ഏജന്റ് അടക്കം നാലുപേർക്കെതിരെ കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് രത്തൻ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒ അനീഷ് ഷാ പ്രതികരിച്ചിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്നും പുറത്തുനിന്നുള്ള ഏജൻസിയെ ഉപയോഗിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Summary: A pregnant woman was allegedly crushed under a tractor by officials of a finance company who came to recover the tractor in Jharkhand's Hazaribagh

TAGS :

Next Story