'നല്ല കുഞ്ഞുങ്ങൾ ജനിക്കാൻ ഗർഭിണികൾ സുന്ദരകാണ്ഡം ജപിക്കണം, രാമായണം വായിക്കണം'; തെലങ്കാന ഗവർണർ
ആർ.എസ്.എസ് സംഘടനയായ സംവർധിനി ന്യാസ് ആരംഭിച്ച 'ഗർഭ സംസ്കാർ' ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
ന്യൂഡൽഹി: മാനസികമായും ശാരീരികമായും നല്ല കുഞ്ഞുങ്ങൾ ജനിക്കാൻ ഗർഭിണികൾ ‘സുന്ദരകാണ്ഡം’ ജപിക്കുകയും രാമായണം പോലുള്ള ഇതിഹാസങ്ങൾ വായിക്കുകയും ചെയ്യണമെന്ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ.
'ദേശസ്നേഹികളും സംസ്കാര സമ്പന്നരുമായ കുട്ടികൾ ജനിക്കാൻ' ആർ.എസ്.എസ് സംഘടനയായ സംവർധിനി ന്യാസ് ആരംഭിച്ച 'ഗർഭ സംസ്കാർ' ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
'ഗർഭ സംസ്‌കാർ' ക്യാമ്പയിൻ വികസിപ്പിക്കുന്നതിൽ സംവർധിനി ന്യാസിനെ അഭിനന്ദിച്ച സൗന്ദരരാജൻ, ഗർഭധാരണത്തിൽ 'ഈ ശാസ്ത്രീയവും സമഗ്രവുമായ സമീപനം' നടപ്പാക്കുന്നത് തീർച്ചയായും നല്ല ഫലങ്ങൾ നൽകുമെന്നും അവകാശപ്പെട്ടു.
'ഗ്രാമങ്ങളിൽ, രാമായണവും മഹാഭാരതവും മറ്റ് ഇതിഹാസങ്ങളുമൊകക്കെ വായിക്കുന്ന അമ്മമാരെ നാം കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ ഗർഭിണികൾ കമ്പ രാമായണത്തിലെ സുന്ദരകാണ്ഡം പഠിക്കണം എന്നൊരു വിശ്വാസമുണ്ട്'- അവർ പറഞ്ഞു. ഗർഭകാലത്ത് സുന്ദരകാണ്ഡം ജപിക്കുന്നത് കുട്ടികൾക്ക് വളരെ നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു അധ്യായമാണ് സുന്ദരകാണ്ഡം. ആർ.എസ്.എസിന്‍റെ വനിതാ സംഘടനയായ രാഷ്ട്ര സേവികാ സംഘിന്റെ ഭാഗമായ സംവർധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടർമാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ച് 10 ഡോക്ടർമാരുടെ സംഘമാണ് പദ്ധതി നടപ്പിലാക്കുകയെന്ന് സംഘടന അറിയിച്ചു. ഓരോ ഡോക്ടറും അവരവരുടെ പ്രദേശങ്ങളിൽ 20 ഗർഭധാരണ കേസുകൾ ഏറ്റെടുക്കും. മേല്‍നോട്ടത്തിന് എട്ടംഗ കേന്ദ്ര സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ഡോക്ടർമാര്‍ അടങ്ങുന്നതാണ് ഈ സംഘം.
Adjust Story Font
16