മനീഷ് സിസോദിയയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു; അതിഷി മർലെന, സൗരഭ് ഭരദ്വാജ് എന്നിവർ പുതിയ മന്ത്രിമാർ
മനീഷ് സിസോദിയ, സത്യേന്ദർ ജയ്ൻ എന്നിവരുടെ രാജി ഇന്നാണ് രാഷ്ട്രപതി അംഗീകരിച്ചത്.
Sisodia and Sathyendar Jain
ന്യൂഡൽഹി: കെജ്‌രിവാൾ മന്ത്രിസഭയിൽനിന്ന് രാജിവെച്ച മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയ്‌നിന്റെയും രാജി രാഷ്ട്രപതി സ്വീകരിച്ചു. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസിലാണ് സത്യേന്ദർ ജയ്‌നിന്റെ അറസ്റ്റ്. ഇരുവരും ഇപ്പോൾ തിഹാർ ജയിലിലാണ്. അതിഷി മർലെന, സൗരഭ് ഭരദ്വാജ് എന്നിവരാണ് പുതിയ മന്ത്രിമാർ.
സിസോദിയയും സത്യേന്ദ്ര ജയ്‌നും ഒരുമിച്ചാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ആഴ്ചയാണ് ലഫ്റ്റനന്റ് ഗവർണർ ഇരുവരുടെയും രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയത്.
നിലവിൽ കൈലാഷ് ഗെഹലോട്ട്, രാജ്കുമാർ ആനന്ദ് എന്നിവരാണ് സിസോദിയയുടെയും സത്യേന്ദ്ര ജയ്‌നിന്റെയും വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. ധനകാര്യം, ആസൂത്രണം, പൊതുമരാമത്ത്, ഊർജം, ആഭ്യന്തരം, നഗരവികസനം, ജലസേചനം എന്നീ വകുപ്പുകളാണ് ഗെഹലോട്ട് കൈകാര്യം ചെയ്യുന്നത്.
വിദ്യാഭ്യാസം, വിജിലൻസ്, ടൂറിസം, കല-സംസ്‌കാരം, തൊഴിൽ, ആരോഗ്യം, വ്യവസായം തുടങ്ങിയ വകുപ്പുകളാണ് രാജ്കുമാർ ആനന്ദ് കൈകാര്യം ചെയ്യുന്നത്. അതിനിടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അരുൺ പിള്ളയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി മാർച്ച് 13 വരെ റിമാൻഡ് ചെയ്തു.
Adjust Story Font
16