'പ്രധാനമന്ത്രിക്ക് പരാജയ ഭീതി'; സഞ്ജയ് സിങിന്‍റെ അറസ്റ്റിൽ ആം ആദ്മി പാർട്ടി
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്മി നേതാവാണ് സഞ്ജയ് സിങ്
ഡൽഹി: മദ്യനയ അഴിമതിക്കേസിൽ സഞ്ജയ് സിങിന്‍റെ അറസ്റ്റിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആം ആദ്മി പാർട്ടി. പ്രധാനമന്ത്രിക്ക് പരാജയ ഭീതിയെന്ന് എ.എ.പി ആരോപിച്ചു. നിരാശയിൽ നിന്നാണ് പ്രധാനമന്ത്രി ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും 1000 സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടും ഇ.ഡിക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ആം ആദ്മി ആരോപിച്ചു.
സഞ്ജയ് സിങിന്‍റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പ്രവർത്തകർ രംഗത്തുവന്നു. സഞ്ജയ് സിങിന്‍റെ വീടിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ ഇ.ഡിയുടെ വാഹനം തടഞ്ഞു. സഞ്ജയ് സിങിനെ ഇ.ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
ഇന്ന് വൈകുന്നേരമാണ് മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി എം.പി സഞ്ജയ് സിങിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ സഞ്ജയ് സിങിന്‍റെ വസതിയിലെത്തിയാണ് ഇ.ഡി ചോദ്യം ചെയ്തത്. ഇതേ കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി പരിശോധന. മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ പരിജയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു ദിനേശ് അറോറയുടെ മൊഴി. അരവിന്ദ് കെജ്‍രിവാളുമായി കൂടികാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു.
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി മനിഷ് സിസോദിയയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആം ആദ്മി നേതാവാണ് സഞ്ജയ് സിങ്.
എന്നാൽ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണത്തിൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. പ്രധാനമന്ത്രിയേയും അദാനിയേയും കുറിച്ച് സഞ്ജയ് സിങ് തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നതിനാലാണ് അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തുന്നതെന്നായിരുന്നു എ.എ.പി വക്താവ് റീന ഗുപ്ത പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.
Adjust Story Font
16