'ഇനി ഒരു ചായ കുടിച്ചിട്ട് പോകാം'; വാരാണസിയിലെ ചായക്കടയിൽ നരേന്ദ്രമോദി
ചായ കുടിച്ച ശേഷം കടക്കാരന്റെ തലയിൽ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം ലോക്സഭാ മണ്ഡലമായ വാരാണസിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞദിവസം നഗരത്തിൽ മൂന്നു കിലോമീറ്റർ നീണ്ട റോഡ് ഷോയിലാണ് തിരക്കുകൾക്കിടയിലും മോദി പങ്കെടുത്തത്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ റാലി.
റാലിക്കിടെ കുൽഹാറിലെ കടയിൽ ഒരു കപ്പ് ചായ ആസ്വദിക്കുന്ന മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രാദേശിക നേതാക്കൾക്കൊപ്പമാണ് മോദി ചായ നുണഞ്ഞത്. മോദി... മോദി, ജയ് ശ്രീരാം, ഹർ ഹർ മഹാദേവ് തുടങ്ങിയ മുദ്രാവാക്യങ്ങൾക്കിടെയാണ് മോദി ചായക്കടയിലെത്തിയത്.
ചായ കുടിച്ച ശേഷം കടക്കാരന്റെ തലയിൽ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്. മോദി കടയിലെത്തിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് കടയുടമ മനോജ് പ്രതികരിച്ചു.
'അതിയായ സന്തോഷം തോന്നുന്നു. പ്രധാനമന്ത്രി മോദി ഞങ്ങൾക്കൊരു എൻവലപ്പ് തന്നു. അത് എന്റെ അച്ഛന് കൊടുത്തിട്ടുണ്ട്. ജോർജ് ഫെർണാണ്ടസ്, രാജ്‌നാഥ് സിങ് തുടങ്ങിയ ഒരുപാട് നേതാക്കൾ ഞങ്ങളുടെ ചായക്കടയിലെത്തിയിട്ടുണ്ട്' - മനോജ് എഎൻഐ യുപിയോട് പറഞ്ഞു.
കന്റോൺമെന്റ്, വാരാണസി നോർത്ത്, വാരാണസി സൗത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു മോദിയുടെ റോഡ് ഷോ. കെട്ടിടത്തിന്റെ ബാൽക്കണികളിലും മേൽക്കൂരയിലും നിന്നാണ് ജനം പ്രധാനമന്ത്രിയുടെ റാലിയെ വരവേറ്റത്. യുപിയിലെ ഏഴാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് മോദിയുടെ വാരാണസി സന്ദർശനം.
അതിനിടെ, സംസ്ഥാനത്തെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. മാർച്ച് ഏഴിനാണ് വോട്ടെടുപ്പ്. പത്തിനാണ് വോട്ടെണ്ണൽ.
Adjust Story Font
16