'25 വര്‍ഷം, 5 പ്രതിജ്ഞ': പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി
ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി
ഡല്‍ഹി: പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസിക ദിവസമാണിത്. ലോകത്തിന്‍റെ എല്ലാ കോണിലും ത്രിവർണമണിയുന്ന ദിവസം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. അടുത്ത 25 വർഷം രാജ്യത്തിന് പ്രധാനമാണ്. നമുക്ക് വലിയ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനായി അഞ്ച് പ്രതിജ്ഞയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൌരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധനമന്ത്രി മുന്നോട്ടുവെച്ചത്.
കര്‍ത്തവ്യത്തിന്‍റെ പാതയിൽ ജീവൻ നൽകിയ ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, വീർ സവർക്കർ തുടങ്ങിയവരോട് പൗരന്മാർ നന്ദിയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കർ ഉൾപ്പെടെയുള്ള നേതാക്കൾ വഴികാട്ടികളായി. സാമൂഹ്യ മാറ്റം വരുത്തിയ മഹാത്മാക്കളിൽ ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
75 വർഷത്തിനിടെ രാജ്യം ഏറെ വെല്ലുവിളികൾ നേരിട്ടു. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മാതൃഭാഷയോടുള്ള ആദരവും വൈവിധ്യത്തോടുള്ള താല്പര്യവും ഉള്ളിലുണ്ടാകണം. വിദേശ രാജ്യങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ കാര്യമാക്കേണ്ടെന്നും സ്വന്തം മണ്ണിൽ അടിയുറച്ചു നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യം പുതിയ ഉണർവിലാണ്. കോവിഡിനെ നേരിടാൻ കാട്ടിയ ഐക്യവും ദേശീയ പതാക വീടുകളിൽ ഉയർത്താൻ ആഹ്വാനം ചെയ്തപ്പോൾ നാട് ഏറ്റെടുത്തതും മോദി എടുത്തുപറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ വിജയഗാഥക്കൊപ്പം ഗ്രാമങ്ങളില്‍ നാല് ലക്ഷം സംരംഭകരുണ്ടായത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയമാണെന്നും മോദി അവകാശപ്പെട്ടു.
Adjust Story Font
16