Quantcast

പുലിറ്റ്സർ പുരസ്കാര ജേതാവ് സന്ന ഇർഷാദ് മാട്ടുവിന് വിദേശ യാത്രാവിലക്ക്

വിദേശ യാത്ര തടഞ്ഞതിനു പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2 July 2022 5:07 PM

Published:

2 July 2022 4:39 PM

പുലിറ്റ്സർ പുരസ്കാര ജേതാവ് സന്ന ഇർഷാദ് മാട്ടുവിന് വിദേശ യാത്രാവിലക്ക്
X

ന്യൂഡൽഹി: 2022ലെ പുലിറ്റ്‌സർ പുരസ്കാര ജേതാവും കാശ്മീരി ഫോട്ടോ ജേർണലിസ്റ്റുമായ സന്ന ഇർഷാദ് മാട്ടുവിന് വിദേശ യാത്രാവിലക്ക്. ഫ്രഞ്ച് വിസ കൈവശമുണ്ടായിട്ടും ഡൽഹിയിൽനിന്ന് പാരീസിലേക്ക് യാത്ര ചെയ്യുന്നതിന് ഇമിഗ്രേഷൻ അധികൃതർ വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ട്. വിദേശ യാത്ര തടഞ്ഞതിനു പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിദേശ യാത്ര ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ തന്നോട് പറഞ്ഞതായി സന്ന ട്വിറ്ററിൽ കുറിച്ചു.

സെറൻഡിപിറ്റി ആർലെസ് ഗ്രാന്റ് 2020-ന്റെ 10 അവാർഡ് ജേതാക്കളിൽ ഒരാളാണ് സന്ന ഇർഷാദ് മാട്ടു. താൻ പാരീസിലേക്ക് പുസ്തക പ്രകാശനത്തിനും ഫോട്ടോഗ്രാഫി പ്രദർശനത്തിനും വേണ്ടി പോകുകയാണെന്ന് സന്ന ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

2022 മെയിലാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ സന്നയ്ക്ക് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുലിറ്റ്സർ സമ്മാനം ലഭിക്കുന്നത്. റോയിട്ടേഴ്‌സ് ആയിരുന്നു ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. അന്തരിച്ച പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്നാൻ ആബിദി എന്നിവരുൾപ്പെടെയുള്ള റോയിട്ടേഴ്സ് ടീമുമായാണ് അവാർഡ് പങ്കിട്ടത്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

തന്നെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞതിൽ പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ലെന്ന് ദി വയറിനോട് സംസാരിക്കവെ സന്ന പറഞ്ഞു. ''അവർ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. എന്നെ തടയാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് അവർ പറഞ്ഞത്. എനിക്കെതിരെ എന്തെങ്കിലും കേസുണ്ടോ എന്ന് ഞാൻ അവരോട് ചോദിച്ചു, തന്നെ തടങ്കലിൽ വയ്ക്കാനുള്ള കാരണങ്ങളില്ലെന്നും അവർ വ്യക്തമാക്കി''- സന്ന പറഞ്ഞു. പാരീസിലേക്കുള്ള എയർ ഏഷ്യ വിമാനത്തിൽ 12:45 നായിരുന്നു സന്നയ്ക്ക് പുറപ്പെടേണ്ടിയിരുന്നത്. രാവിലെ 9 മണിക്ക് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി സന്ന പറഞ്ഞു. എയർപോർട്ടിൽ വച്ച് തന്റെ എയർലൈൻസാണ് തനിക്ക് ബോർഡിംഗ് പാസ് നൽകിയതെന്നും അതുവരെ പ്രശ്നമൊന്നുമുണ്ടായില്ലെന്നും സന്ന കൂട്ടിച്ചേർത്തു.

തന്റെ ലഗേജുകളെല്ലാം അവരെ ഏൽപ്പിച്ചിരുന്നു. കാശ്മീരിൽ നിന്നാണോയെന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. അദ്ദേഹം ഒരുപാട് ചോദ്യങ്ങളൊന്നും ചോദിച്ചില്ല. 15 മിനിറ്റോളം വെറുതെയിരുത്തി. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ഓഫീസിലേക്ക് കൊണ്ടു പോയി. കശ്മീരിലെ പോലീസ് അധികാരികൾക്ക് മെയിൽ അയച്ചിട്ടുണ്ടെന്നും അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് സന്ന വിശദമാക്കി. ആദ്യമായിട്ടാണ് ഇത്തരത്തിൽ അനുഭവമുണ്ടാകുന്നതെന്നും ഇതുവരെ യാത്ര വിലക്ക് നേരിട്ടിട്ടില്ലെന്നും സന്ന കൂട്ടിച്ചേർത്തു. കശ്മീരിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൺവെർജന്റ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സന്ന, ലോകമെമ്പാടുമുള്ള നിരവധി ഔട്ട്ലെറ്റുകളിൽ തന്റെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ൽ, പ്രശസ്തമായ മാഗ്‌നം ഫൗണ്ടേഷനിൽ സന്നയ്ക്ക് ഫെലോഷിപ്പ് ലഭിച്ചിരുന്നു.

TAGS :

Next Story