Quantcast

പൂനെ പോർഷെ അപകടം; സുനിൽ ടിംഗ്രെയ്ക്കെതിരെയായ ആരോപണങ്ങൾ അടിസ്ഥാനരഹിതം: അജിത് പവാർ

ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ എംഎൽഎ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത് പതിവാണെന്നും അജിത്

MediaOne Logo

Web Desk

  • Published:

    1 Jun 2024 8:52 AM GMT

Pune Porsche accident; Allegations against Sunil Tingre are baseless: Ajit Pawar,ncp,mla,latest news
X

പൂനെ: രണ്ട് എഞ്ചിനീയർമാരുടെ മരണത്തിനിടയാക്കിയ പോർഷെ അപകടത്തിൽ സുനിൽ ടിംഗ്രെ എംഎൽഎയ്ക്കെതിരെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ.

അപകടത്തിന് പിന്നാലെ പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് പൊലീസിൽ നിന്ന് അനുകൂലമായ ചികിത്സ ലഭിക്കുന്നതിന് ടിംഗ്രെ ഇടപെട്ടതായി നേരത്തെ ആരോപണമുയർന്നിരുന്നു. വഡ്ഗാവ് ഷെരി നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണ് ടിംഗ്രെ.

ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ എംഎൽഎ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത് പതിവാണ്. അദ്ദേഹം ഈ കേസ് ഒതുക്കാൻ ശ്രമിച്ചതിന് തെളിവുണ്ടോ?' അജിത് പവാർ മാധ്യമ പ്രവർത്തകരോട് ചോദിച്ചു.

സംഭവത്തിന് ശേഷം പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന്, 'ഒന്നിലധികം പ്രശ്നങ്ങളുടെ പേരിൽ ഞാൻ പലപ്പോഴും കമ്മീഷണറെ വിളിക്കാറുണ്ടെങ്കിലും ഈ കേസിൽ അദ്ദേഹത്തെ ഒരു തവണ പോലും വിളിച്ചിട്ടില്ല' എന്ന് പവാർ മറുപടി നൽകി.

ഇതിനിടെ കേസിൽ പ്രതിയായ 17കാരൻറെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രക്തസാമ്പിളിൽ തിരിമറി നടത്താൻ സഹായിച്ചതിനാണ് യുവതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം പരിശോധനയ്ക്കായി 17കാരൻറെ രക്തസാമ്പിളുകൾ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിൾ ഉപയോഗിച്ചാണ് ഡോക്ടർമാർ പരിശോധന നടത്തിയത്.

പൂനെയിലെ കല്യാണി നഗറിൽ മേയ് 19 ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച 17കാരൻ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മദ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാർ റോഡിലെ നടപ്പാതയിൽ ഇടിച്ചാണ് നിന്നത്.

സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാർ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ 17കാരനെ മണിക്കൂറുകൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജാമ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കിയിരുന്നു.

TAGS :

Next Story