പൂനെ പോര്‍ഷെ അപകടം; രക്ത സാമ്പിള്‍ മാറ്റാന്‍ ആശുപത്രി അധികൃതര്‍ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
ഇടനിലക്കാരനായ അഷ്പക് മകന്ദർ ആശുപത്രി ജീവനക്കാരൻ അതുൽ ഘട്കാംബ്ലെയ്ക്ക് കൈക്കൂലി കൈമാറിയതായി പൊലീസ് പറഞ്ഞു
പൂനെ: മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുതിയ സിസി ടിവി ദ്യശ്യങ്ങള്‍ പുറത്ത്. പ്രതിയുടെ രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ ആശുപത്രി അധികൃതര്‍ കൈക്കൂലി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
17കാരന്‍റെ രക്തസാമ്പിള്‍ മാറ്റാനായി സസൂൺ ജനറൽ ആശുപത്രിയിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതാണ് യെർവാഡ പ്രദേശത്തെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഇടനിലക്കാരനായ അഷ്പക് മകന്ദർ ആശുപത്രി ജീവനക്കാരൻ അതുൽ ഘട്കാംബ്ലെയ്ക്ക് കൈക്കൂലി കൈമാറിയതായി പൊലീസ് പറഞ്ഞു.ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) പരിസരത്ത് വെച്ചാണ് മൂന്ന് ലക്ഷം രൂപ കൈക്കൂലി നൽകിയതെന്നാണ് റിപ്പോർട്ട്.പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രക്തസാമ്പിളുകൾ മാറ്റിയെന്നാരോപിച്ച് ആശുപത്രിയിലെ സസ്‌പെൻഡ് ചെയ്ത ഫോറൻസിക് വിഭാഗം മേധാവി ഡോ. അജയ് തവാരെ, മുൻ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി ഹൽനോർ എന്നിവർക്കൊപ്പം ഗാൽകാംബ്ലെയും നേരത്തെ അറസ്റ്റിലായിരുന്നു.
മേയ് 19ന് അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സാസൂൺ ജനറൽ ആശുപത്രിയിൽ വച്ച് 17കാരന്‍റെ രക്തസാമ്പിള്‍ എടുത്തത്. എന്നാല്‍ പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്. ഇതിനെ തുടര്‍ന്ന് അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീയുടെ രക്തസാമ്പിള്‍ സിസി ടിവി ഇല്ലാത്ത സ്ഥലത്തു നിന്നാണ് എടുത്തതെന്ന് പൂനെ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 17കാരന്‍റെ സാമ്പിൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയും പ്രതിയുടെ സാമ്പിളെന്ന് പറഞ്ഞ് അമ്മയുടേത് നല്‍കിയെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ 17കാരന്‍റെ രക്തമെടുത്ത സിറിഞ്ച് ആശുപത്രി ജീവനക്കാര്‍ നശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പൂനെയിലെ കല്യാണി നഗറില്‍ മേയ് 19 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കാറോടിച്ച 17കാരന്‍ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഐടി പ്രൊഫഷണലുകളായ യുവാക്കള്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. യുവാക്കളെ ഇടിച്ചിട്ട കാര്‍ റോഡിലെ നടപ്പാതയില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തിന് പിന്നാലെ 17കാരനെ നാട്ടൂകാര്‍ പിടികൂടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17കാരനെ മണിക്കൂറുകള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജാമ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കിയിരുന്നു.
Adjust Story Font
16