ഭഗവന്ത് മാൻ രാജ്ഭവനിലെത്തി; പഞ്ചാബിലെ ആം ആദ്മി സർക്കാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച
ഭഗത് സിംഗിന്റെ ഗ്രാമമായ ഘട്കർ കാലനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും
പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മാൻ രാജ്ഭവനിലെത്തി മന്ത്രിസഭ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ചു. ഇതോടെ ആം ആദ്മി സർക്കാർ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. അതേസമയം, പഞ്ചാബിലെ നിയുക്ത എംഎൽഎമാർക്ക് ഭഗവന്ദ് മാൻ പ്രത്യേക നിർദേശങ്ങൾ നൽകി. ജനപ്രതിനിധികൾ സ്വന്തം നിയോജക മണ്ഡലങ്ങളിൽത്തന്നെ ഉണ്ടാകണമെന്നാണ് നിയുക്ത മുഖ്യമന്ത്രിയുടെ നിർദേശം. സ്ഥാനമാനങ്ങളുടെ പിന്നാലെ പോകരുതെന്നും വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടൊപ്പമാണ് എംഎൽഎമാരുണ്ടാകേണ്ടതെന്നും ഭഗവന്ദ് മാൻ പറഞ്ഞു.
ഇന്നലെ എം.എൽ.എമാരുമായി ഭഗവന്ത് മാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭയിലെ 17 മന്ത്രിമാരെയും ഇതിനകം തീരുമാനിച്ചതായാണ് വിവരം. ഭഗത് സിംഗിന്റെ ഗ്രാമമായ ഘട്കർ കാലനിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും. ഇതിന് മുന്നോടിയായി ഞാറാഴ്ച അമൃത്‌സറിൽ നടക്കുന്ന റോഡ് ഷോ യിലും അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും.
അതേസമയം പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നാലെ ഗുജറാത്തും ഹിമാചൽ പ്രദേശുമാണ് പാർട്ടി ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സീറ്റുകളിൽ ആപ്പ് മത്സരിക്കും. ഇതിന് മുന്നോടിയായി പഞ്ചാബ് വിജയയാത്ര ഗുജറാത്തിൽ സംഘടിപ്പിക്കാനും ആം ആദ്മി പാർട്ടി തീരുമാനിച്ചു. പഞ്ചാബിൽ ഭഗവന്ത് മനിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറുന്നതോടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് പദ്ധതി. ഇതും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിനെയാണ് പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ഒരു സീറ്റ് എങ്കിലും നേടാൻ കഴിഞ്ഞാൽ അതും ആശ്വാസമാണെന്നാണ് ആപ് പറയുന്നത്.
അതേസമയം, ഉത്തർപ്രദേശിൽ ഭരണത്തുടർച്ച നേടിയ ബിജെപി നേതാവ് യോഗി ആദിത്യനാഥ് നാളെ ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തും. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ഹോളിക്ക് ശേഷമാകുമെന്നാണ് സൂചന.
Punjab Aam Aadmi Party leader Bhagwant Mann arrives at Raj Bhavan to demand formation of cabinet
Adjust Story Font
16