ഉത്തരാഖണ്ഡിൽ പുഷ്‌കർ സിങ് ധാമി മുഖ്യമന്ത്രിയായി അധികാരമേറ്റു
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഗവർണർ റിട്ട. ലഫ്റ്റനന്റ് ജനറൽ ഗുർമീത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു
ഉത്തരാഖണ്ഡിൽ പുഷ്‌കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഗവർണർ റിട്ട. ലഫ്റ്റനന്റ് ജനറൽ ഗുർമീത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്പാൽ മഹാരാജ്, ധാൻ സിങ് റാവത്ത്, സുബോദ് ഉന്യാൽ, പ്രേംചന്ദ് അഗർവാൾ, രേഖ ആര്യ, ഗണേഷ് ജോഷി, ചന്ദൻ റാം ദാസ്, സൗരബ് ബഹുഗുണ എന്നിവരാണ് തുടങ്ങി എട്ടു മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ നിതിൻ ഗഡ്കരി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നീണ്ട സസ്പെൻസിന് വിരാമം കുറിച്ച് തിങ്കളാഴ്ചയാണ് നിയമസഭാ കക്ഷി നേതാവായി ധാമിയെ പാർട്ടി തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങിന്റെയും മീനാക്ഷി ലേഖിയുടെയും നേതൃത്വത്തിലായിരുന്നു ചർച്ച നടന്നത്. ഇത്തവണ ഉത്തരാഖണ്ഡിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നിൽനിന്ന് നയിച്ചത് പുഷ്‌കർ ധാമിയായിരുന്നു. എന്നാൽ, സ്വന്തം തട്ടകമായ ഖാതിമയിൽ അദ്ദേഹത്തിന് അടിപതറി. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർട്ടിയുടെ ചരിത്രവിജയത്തിന്റെ ശിൽപിയെന്ന നിലയ്ക്ക് ധാമിക്ക് ഒരുതവണ കൂടി അവസരം നൽകാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
തോൽവിയിലും വിജയശിൽപിയായി ധാമി
നേരത്തെ, ധാമിയുടെ തോൽവിയെത്തുടർന്ന് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിഖിന്റെ പേരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുകേട്ടത്. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മുന്നണിക്ക് ഭരണത്തുടർച്ച ലഭിക്കുന്നത്. 2017ൽ 57 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. ഇക്കുറി ആ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും എക്‌സിറ്റ്‌പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയുടെ പ്രകടനം. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബി.ജെ.പിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രമാണ് ബി.ജെ.പി തിരുത്തിയെഴുതിയത്.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ വാഴില്ലെന്ന ചരിത്രം പുഷ്‌കർ സിങ് ധാമിയിലൂടെയും ആവർത്തിക്കുകയായിരുന്നു. പുഷ്‌കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6,000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഉത്തരാഖണ്ഡിൽ ബി.ജെ.പി സമഗ്രാധിപത്യം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ തോൽവി ആ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതായിരുന്നു.പുഷ്‌കർ ധാമി മൂന്നാം തവണയാണ് ഖാതിമയിൽ ജനവിധി തേടിയത്. 2017ൽ 2,709 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനും 2,912ൽ 5,394 വോട്ടിനും ധാമി വിജയിച്ചു കയറിയിരുന്നു.മുഖ്യമന്ത്രിമാരെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ഹരീഷ് റാവത്ത് 2017ൽ ഉദ്ദം സിങ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽനിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടിയത്. എന്നാൽ, രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്. ഇത്തവണയും ഹരീഷ് റാവത്ത് തോൽവി ഏറ്റുവാങ്ങി. ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കുമായിരുന്നു ദയനീയമായ തോൽവി.
Adjust Story Font
16