Quantcast

തോറ്റിട്ടും മുഖ്യമന്ത്രി പദം; പുഷ്‌കർ സിങ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആറു മാസത്തിനുള്ളിൽ ഏതെങ്കിലും സീറ്റിൽ മത്സരിച്ച് ജയിക്കണം. അതിനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളിൽ ആരെങ്കിലും മാറി നൽകും

MediaOne Logo

Web Desk

  • Updated:

    2022-03-23 04:24:25.0

Published:

23 March 2022 4:19 AM GMT

തോറ്റിട്ടും മുഖ്യമന്ത്രി പദം; പുഷ്‌കർ സിങ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും മുഖ്യമന്ത്രി പദം തേടിയെത്തിയ പുഷ്‌കർ സിങ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി നഡ്ഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ചുമതലയേൽക്കും. ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആറു മാസത്തിനുള്ളിൽ ഏതെങ്കിലും സീറ്റിൽ മത്സരിച്ച് ജയിക്കണം. അതിനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളിൽ ആരെങ്കിലും മാറി നൽകും.

നീണ്ട സസ്‌പെൻസിന് വിരാമം കുറിച്ച് തിങ്കളാഴ്ചയാണ് നിയമസഭാ കക്ഷി നേതാവായി ധാമിയെ പാർട്ടി തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങിന്റെയും മീനാക്ഷി ലേഖിയുടെയും നേതൃത്വത്തിലായിരുന്നു ചർച്ച നടന്നത്. ഇത്തവണ ഉത്തരാഖണ്ഡിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നിൽനിന്ന് നയിച്ചത് പുഷ്‌കർ ധാമിയായിരുന്നു. എന്നാൽ, സ്വന്തം തട്ടകമായ ഖാതിമയിൽ അദ്ദേഹത്തിന് അടിപതറി. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർട്ടിയുടെ ചരിത്രവിജയത്തിന്റെ ശിൽപിയെന്ന നിലയ്ക്ക് ധാമിക്ക് ഒരുതവണ കൂടി അവസരം നൽകാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.



തോൽവിയിലും വിജയശിൽപിയായി ധാമി

നേരത്തെ, ധാമിയുടെ തോൽവിയെത്തുടർന്ന് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിഖിന്റെ പേരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുകേട്ടത്. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മുന്നണിക്ക് ഭരണത്തുടർച്ച ലഭിക്കുന്നത്. 2017ൽ 57 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്. ഇക്കുറി ആ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും എക്സിറ്റ്പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബി.ജെ.പിയുടെ പ്രകടനം. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബി.ജെ.പിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രമാണ് ബി.ജെ.പി തിരുത്തിയെഴുതിയത്.

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിമാർ വാഴില്ലെന്ന ചരിത്രം പുഷ്‌കർ സിങ് ധാമിയിലൂടെയും ആവർത്തിക്കുകയായിരുന്നു. പുഷ്‌കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6,000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഉത്തരാഖണ്ഡിൽ ബി.ജെ.പി സമഗ്രാധിപത്യം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ തോൽവി ആ വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതായിരുന്നു.പുഷ്‌കർ ധാമി മൂന്നാം തവണയാണ് ഖാതിമയിൽ ജനവിധി തേടിയത്. 2017ൽ 2,709 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനും 2,912ൽ 5,394 വോട്ടിനും ധാമി വിജയിച്ചു കയറിയിരുന്നു.മുഖ്യമന്ത്രിമാരെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ഹരീഷ് റാവത്ത് 2017ൽ ഉദ്ദം സിങ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽനിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടിയത്. എന്നാൽ, രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്. ഇത്തവണയും ഹരീഷ് റാവത്ത് തോൽവി ഏറ്റുവാങ്ങി. ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കുമായിരുന്നു ദയനീയമായ തോൽവി.

Pushkar Singh Dhomi to be sworn in as Chief Minister today despite losing Uttarakhand Assembly polls

TAGS :

Next Story