'ഇതൊരു നീണ്ട യുദ്ധമാണ്, ഞാൻ പൊരുതാൻ തയ്യാറാണ്'; അറസ്റ്റിന് പിന്നാലെ പവൻ ഖേഡ
റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനായി വിമാനത്തിൽ കയറിയ ഖേഡയെ വിമാനത്തിൽനിന്ന് പുറത്തിറക്കിയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.
Pwan Khera
ന്യൂഡൽഹി: ഒരു നീണ്ട യുദ്ധമാണ് നടക്കുന്നതെന്നും അവസാനം വരെ പൊരുതുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേഡ. ഡൽഹിയിൽ അസം പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനായി വിമാനത്തിൽ കയറിയ അദ്ദേഹത്തെ വിമാനത്തിൽനിന്ന് പുറത്തിറക്കിയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.
ഖേഡക്ക് പിന്നീട് സുപ്രിംകോടതി ചൊവ്വാഴ്ച വരെ ജാമ്യം അനുവദിച്ചു. ഖേഡയുടെ അറസ്റ്റിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ അഭിഷേക് മനു സിങ്‌വിയാണ് ഖേഡക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അസം പൊലീസ് ഖേഡയെ അറസ്റ്റ് ചെയ്തത്. ഖേഡയുടെ പരാമർശം ഒരു നാക്കുപിഴയായിരുന്നുവെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. ഈ വീഴ്ചക്ക് പവൻ ഖേഡ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16