Quantcast

500 രൂപ നല്‍കിയില്ല; 25കാരന്‍ പിതാവിനെ തലക്കടിച്ചുകൊന്നു

സംഭവത്തില്‍ പ്രതി സഞ്ജയ് യാദവിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Jan 2024 6:44 AM GMT

up murder
X

പ്രതീകാത്മക ചിത്രം

റായ്ബറേലി: 500 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 25കാരന്‍ പിതാവിനെ തലക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് കൊലപാതകം. സംഭവത്തില്‍ പ്രതി സഞ്ജയ് യാദവിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

ജനുവരി ഒന്നിന് ഉഞ്ചഹാർ പൊലീസ് സർക്കിളിലാണ് കൊലപാതകം നടന്നത്. ഗ്രാമത്തിലെ ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന ത്രിലോകിയാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി ത്രിലോകി അവസാനമായി വിളിച്ച ഇഷ്ടികച്ചൂള ഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. പണം കിട്ടിയില്ലെങ്കിൽ കൊല്ലുമെന്ന് സഞ്ജയ് ഭീഷണിപ്പെടുത്തിയതിനാൽ ഇഷ്ടിക ചൂള ഉടമയോട് 500 രൂപ കടം നൽകണമെന്ന് ത്രിലോകി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കുറ്റം സമ്മതിച്ച സഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം കണ്ടെടുത്ത ശേഷം നാട്ടുകാർ ത്രിലോകിയെ തിരിച്ചറിഞ്ഞതായും മദ്യപനായ മകൻ സഞ്ജയ് എപ്പോഴും പിതാവിനോട് വഴക്കിട്ടിരുന്നതായും റായ്ബറേലി പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു.സഞ്ജയ് ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. സംഭവം നടക്കുമ്പോള്‍ ഗ്രാമത്തില്‍ ഇല്ലായിരുന്നുവെന്നും പിതാവ് മദ്യപിച്ചിരുന്നതായും അപകടത്തില്‍ പെട്ടതാണെന്നുമാണ് സഞ്ജയ് പറഞ്ഞത്. എന്നാല്‍ പൊലീസ് ത്രിലോകിയുടെ തകര്‍ന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുകയും ഫോണ്‍ റെക്കോഡുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പണം ആവശ്യപ്പെട്ട് ത്രിലോകി ഇഷ്ടികച്ചൂള ഉടമയെ വിളിച്ചു തൊട്ടുപിന്നാലെയാണ് സഞ്ജയ് പിതാവിനെ മരപ്പലക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. രക്തം വാര്‍ന്ന ത്രിലോകി സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയും ചെയ്തു. പിതാവ് മരിച്ചെന്ന് അറിഞ്ഞ സഞ്ജയ് മൃതദേഹം വീടിനു പുറത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

TAGS :

Next Story