കള്ളന്‍റെ താടി; റഫാൽ വിവാദത്തിൽ മോദിയെ വിടാതെ രാഹുൽ ഗാന്ധി
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ റഫാൽ വിവാദം രാജ്യത്ത് വീണ്ടും ചൂടുപിടിക്കുകയാണ്.
ഇടവേളയ്ക്കു ശേഷം റഫാൽ വിവാദം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂട് പിടിക്കുന്നതിനിടെ നരേന്ദ്രമോദിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കള്ളന്‍റെ താടി എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയോട് സാദൃശ്യമുള്ള താടിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധിയുടെ വിമർശനത്തിനെതിരേ ബിജെപി ഐടി സെല്ലിന്‍റെ ചുമതലയുള്ള അമിത് മാളവ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' 2019 പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞ വാദങ്ങളെല്ലാം ജനങ്ങൾ തള്ളിപറഞ്ഞതാണ്. ഇപ്പോൾ രണ്ടാം 2024 തെരഞ്ഞെടുപ്പിനായുള്ള പുതിയ തന്ത്രങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി'' അദ്ദേഹം പ്രതികരിച്ചു.
റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ റഫാൽ വിവാദം രാജ്യത്ത് വീണ്ടും ചൂടുപിടിക്കുകയാണ്. ഫ്രാൻസിൽ നിന്നും ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളിൽ ഫ്രഞ്ച് ഭരണകൂടം ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.
ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 'റഫാൽ ഇടപാടിലെ അഴിമതി ഇപ്പോൾ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. ഫ്രാൻസിൽ അന്വേഷണത്തിനു സർക്കാർ ഉത്തരവിറക്കിയതോടെ വിഷയത്തിൽ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും നിലപാട് ശരിയെന്നു സ്ഥാപിക്കപ്പെട്ടു. ഇടപാടിൽ അഴിമതിയുണ്ടായെന്നു ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരിക്കുന്നു.'കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.
58,000 കോടി രൂപയ്ക്ക് ഇന്ത്യ ഫ്രാൻസിൽ നിന്ന് റഫാൽ പോർവിമാനങ്ങൾ വാങ്ങുന്ന പദ്ധതിയിലാണ് അഴിമതി നടന്നതായി ആരോപണമുയർന്നത്. ഉയർന്ന വിലയ്ക്ക് വിമാനം വാങ്ങിയെന്നും, സാങ്കേതിക വിദ്യ കൈമാറ്റത്തിന് കരാറുണ്ടായില്ലെന്നും ഇന്ത്യയിൽ ആരോപണമുയർന്നിരുന്നു. കരാർ സംബന്ധിച്ച് ഇന്ത്യയിൽ അന്വേഷണം നടന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.
Adjust Story Font
16