Quantcast

'മനുസ്മൃതിയാണ് ഭരണഘടനയെന്ന് പറഞ്ഞ സവർക്കറെ ബിജെപി തള്ളിപ്പറയുമോ?'; ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

'മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നും ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നും സവർക്കർ പറഞ്ഞു. അങ്ങനെയുള്ള സവർക്കറെ വിമർശിച്ചാൽ തന്നെ ഇവിടെ കുറ്റക്കാരനാകും'

MediaOne Logo

Web Desk

  • Published:

    14 Dec 2024 9:40 AM GMT

മനുസ്മൃതിയാണ് ഭരണഘടനയെന്ന് പറഞ്ഞ സവർക്കറെ ബിജെപി തള്ളിപ്പറയുമോ?; ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവർക്കർ. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർഎസ്എസ് നേതാക്കളെ ബിജെപി തള്ളിപ്പറയുമോ എന്ന് രാഹുൽ ചോദിച്ചു.

ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് ഇന്നലെ പാർലമെന്റിൽ പ്രത്യേക ചർച്ച ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ചയിൽ മറുപടി പ്രസംഗം നടത്തും. ഭരണഘടനയുടെ പ്രതി ഉയർത്തിപ്പിടിച്ചാണ് രാഹുൽ പ്രസംഗം തുടങ്ങിയത്.

ഭരണഘടനയിൽ മഹാത്മാ ഗാന്ധി, ബി.ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു എന്നിവരുടെ ആശയങ്ങൾ വ്യക്തമാണ്. ഇപ്പോൾ മനുസ്മൃതിയാണ് നിയമം. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് പറഞ്ഞവരാണ് ആർഎസ്എസ് നേതാക്കൾ. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ വാഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. ഇത് ബിജെപി തള്ളിപ്പറയുമോ?-രാഹുൽ ചോദിച്ചു.

മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നും ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നും സവർക്കർ പറഞ്ഞു. ഇവിടെ സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാകും. ബിജെപി ഇന്ത്യയെ പുരാതനകാലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. ആര്‍എസ്എസിന്‍റെ ചട്ട പുസ്തകമല്ല ഭരണഘടന. ബിജെപി രാജ്യത്ത് സാമൂഹിക നീതിയിലും രാഷ്ട്രീയ സമത്വവും ഇല്ലാതാക്കി.

അധഃകൃതനാണെന്ന് മുദ്ര കുത്തി ഏകലവ്യന് ദ്രോണാചാര്യർ വിദ്യാഭ്യാസം നിഷേധിച്ചു. ഏകലവ്യന്റെ പെരുവിരൽ മുറിച്ചെടുത്തതുപോലെയാണ് ഇന്നത്തെ ചെറുപ്പക്കാരുടെ അവസ്ഥ. യുവാക്കൾക്ക് മുകളിൽ അദാനിക്ക് ബിജെപി പ്രാധാന്യം നൽകി. അദാനിക്ക് കരാറുകൾ നൽകി രാജ്യത്തെ യുവാക്കളുടെ വിരലുകൾ മുറിക്കുകയാണ്. അഗ്‌നിവീർ പദ്ധതിയിലൂടെ ചെറുപ്പക്കാരുടെ വിരലെടുത്തുവെന്നും രാഹുൽ വിമർശിച്ചു.

'ഞാൻ ഇന്നലെ ഹാഥ്‌റസിൽ പോയി ഇരയുടെ കുടുംബാംഗങ്ങളെ കണ്ടു. ഹാഥ്‌റസ് കേസിലെ പ്രതികൾ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ദലിതരെ ആക്രമിക്കാൻ ഏത് ഭരണഘടനയിലാണ് പറയുന്നത്? രാജ്യത്ത് നടക്കുന്ന വർഗീയ സംഘർഷങ്ങൾക്കെല്ലാം പിന്നിൽ ബിജെപിയാണ്.

രാജ്യത്ത് രാഷ്ട്രീയ സമത്വം ഇല്ലാതായി. അഗ്നിവീർ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. ബിജെപി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണ്. കർഷകരെ സർക്കാർ ഉപദ്രവിക്കുന്നു. രാജ്യത്തെ യുവാക്കളെ തകർക്കാൻ ശ്രമിക്കുന്നു.'-രാഹുൽ പറഞ്ഞു.

Summary: 'VD Savarkar said there's nothing Indian about Constitution, believed the Constitution should be superseded by the Manusmriti': Rahul Gandhi jabs RSS and BJP in the debate on the Constitution in the Lok Sabha

TAGS :

Next Story