രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്; അഭയാർഥി കാമ്പുകളും സന്ദർശിക്കും
220 പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടാത്തതിനെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്.
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായതിന് ശേഷം ഇതാദ്യമായാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കാനൊരുങ്ങുന്നത്. രാഹുൽ മണിപ്പൂരിലെത്തുന്ന കാര്യം കോൺഗ്രസാണ് അറിയിച്ചത്. ജൂലൈ എട്ടിനായിരിക്കും സന്ദർശനമെന്നാണ് സൂചന.
മണിപ്പൂരിൽ ആക്രമണത്തിനിരയായ ആളുകൾ താമസിക്കുന്ന അഭയാർഥി കാമ്പുകളിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. മൊയിരാങ്, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലെത്തുന്ന രാഹുൽ ഇവിടെ കഴിയുന്ന ആളുകളുമായും സംസാരിക്കും.
നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മണിപ്പൂരിൽ എത്തിയിരുന്നു. തന്റെ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്നാണ് അദ്ദേഹം തുടങ്ങിയത്. 15 സംസ്ഥാനങ്ങളിലൂടെ 6700 കിലോ മീറ്റർ സഞ്ചരിച്ച് ഒടുവിൽ മുംബൈയിലാണ് യാത്ര സമാപിച്ചത്.
220 പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടാത്തതിനെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറയുന്നതിനിടെ മണിപ്പൂർ സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചിരുന്നു.
ഒടുവിൽ ഒരു വർഷത്തിനിടെ മണിപ്പൂരിനെ കുറിച്ച് ആദ്യമായി മോദി രാജ്യസഭയിൽ പ്രതികരിക്കുകയും ചെയ്തു. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് സാധ്യമായതെല്ലാം ചെയ്തെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. 11,000 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെന്നും 5,000ലേറെ ആളുകളെ അറസ്റ്റ് ചെയ്തെന്നും പറഞ്ഞ മോദി, അവിടെ ക്രമസമാധാന നില സാധാരണ സ്ഥിതിയിലേക്ക് എത്തിയെന്നും പറഞ്ഞിരുന്നു.
Adjust Story Font
16