കേസുകൾ ഒരുമിച്ചാക്കാൻ രാഹുൽ ഗാന്ധി; ഉടൻ ലോക്‌സഭയിലെത്തിക്കാൻ കോൺഗ്രസ്
അഞ്ച് ദിവസം കൂടിയാണ് ഇനി ലോക്‌സഭ സമ്മേളിക്കുന്നത്
ന്യൂഡൽഹി: വിവിധ കോടതികളിലെ അപകീർത്തിക്കേസുകൾ ഒറ്റ കോടതിയിൽ കേൾക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെടും. നിലവിൽ നാല് കോടതികളിലാണ് അപകീർത്തി കേസുകളുള്ളത്. പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ എത്തണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹം. അഞ്ച് ദിവസം കൂടിയാണ് ഇനി ലോക്‌സഭ സമ്മേളിക്കുന്നത്. ഈ കാലയളവിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ എത്തിക്കാൻ കോൺഗ്രസ് കരുക്കൾ നീക്കുമ്പോൾ വൈകിപ്പിക്കാൻ തന്നെയാണ് കേന്ദ്രശ്രമം.
വയനാട് ലോക്‌സഭാ മണ്ഡലം ഒഴിവ് ആയി പ്രഖ്യാപിച്ച സ്ഥിതിക്ക്, സുപ്രിംകോടതി സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മീഷൻ മറിച്ചു പ്രഖ്യാപിക്കേണ്ടതുണ്ട്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ കോടതി ഉത്തരവ് പുറത്തിറങ്ങി ഏഴു ദിവസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്താമെന്ന നിലയിലേക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയെങ്കിലും രാഹുലിന്റെ കാര്യത്തിൽ തിരക്ക് കൂട്ടിയിരുന്നില്ല. അതുകൊണ്ടു മാത്രമാണ് ലോക്‌സഭാ അംഗത്വം ലഭിക്കുന്നതിന് വഴിയൊരുങ്ങിയത്. ഔദ്യോഗിക വസതി, ഓഫീസ്, സിം കാർഡ്, സ്റ്റാഫുകൾ എന്നിവയെല്ലാം രാഹുലിന് തന്നെ നൽകേണ്ടിവരും.
കേസുകളിൽ ആദ്യഘട്ടത്തിൽ സംഭവിച്ച വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകാനാണ് രാഹുലിന്റെ നിയമസംഘത്തിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ പാറ്റ്‌ന, റാഞ്ചി തുടങ്ങിയ കോടതികളിലെ കേസ് ഒരുമിച്ചു കേൾക്കാൻ ആവശ്യപ്പെടും. എല്ലാകേസു നടത്തിപ്പിന്റെയും മേൽനോട്ടം അഭിഷേക് മനു സിംഗ്വിയ്ക്കായിരിക്കും. എത്രയും വേഗം ലോക്‌സഭാ അംഗത്വം തിരികെ നൽകണമെന്ന് സിംഗ്വി ആവശ്യപ്പെട്ടു. ലോക്‌സഭാ അംഗത്വം തിരികെ നൽകാൻ വൈകിയാൽ സുപ്രിംകോടതി മുഖേന നീങ്ങാനുള്ള വാതിലും രാഹുൽ ഗാന്ധിക്കു മുന്നിൽ തുറന്നു കിടക്കുന്നുണ്ട്.
Congress leader Rahul Gandhi will demand that defamation cases in different courts be heard in a single court
Adjust Story Font
16