ട്രെയിനിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടി.ടി.ഇയെ റെയിൽവേ പിരിച്ചുവിട്ടു
'ഇത്തരക്കാരോട് ഒട്ടും സഹിഷ്ണുതയില്ല. അയാളെ ഉടനടി സർവീസിൽ നിന്ന് നീക്കം ചെയ്തു'- മന്ത്രി ട്വീറ്റിൽ കുറിച്ചു
ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയ്നിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടി.ടി.ഇയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബിഹാർ ബെഗുസാരായ് സ്വദേശിയായ മുന്ന കുമാറിനെതിരെയാണ് റെയിൽവേ നടപടി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്ന കുമാർ എന്ന പ്രതിയെ റെയിൽവേ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, അത്തരം പെരുമാറ്റങ്ങളോട് ഒരു തരത്തിലും സഹിഷ്ണുതയില്ല- റെയിൽവേ അറിയിച്ചു. റെയിൽവേയുടെ നടപടി ഉത്തരവ് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
'ഇത്തരക്കാരോട് ഒട്ടും സഹിഷ്ണുതയില്ല. അയാളെ ഉടനടി സർവീസിൽ നിന്ന് നീക്കം ചെയ്തു'- മന്ത്രി ട്വീറ്റിൽ കുറിച്ചു. സഹാറൻപൂരിൽ ടി.ടി.ഇയായി നിയോഗിക്കപ്പെട്ട ഇയാൾക്കെതിരെ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
അമൃത്‌സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന അകാൽ തഖ്ത് എക്‌സ്പ്രസിന്‍റെ എ1 കോച്ചിൽ ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം യാത്ര ചെയ്യുകയായിരുന്നു.
രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ തലയിൽ മദ്യപിച്ചെത്തിയ ടിക്കറ്റ് ചെക്കർ മൂത്രമൊഴിക്കുകയായിരുന്നു. ഉടൻ തന്നെ യുവതി അലാറം മുഴക്കുകയും ബഹളം വയ്ക്കുകയും ഇതുകേട്ട് തടിച്ചുകൂടിയ സഹയാത്രികർ ടിക്കറ്റ് ചെക്കറെ പിടികൂടുകയും ചെയ്തു.
ട്രെയിൻ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടി.ടി.ഇയെ റെയിൽവേ പൊലീസിനു കൈമാറുകയുമായിരുന്നു. പ്രതിക്കെതിരെ ഐപിസി 352, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
'സ്ത്രീകളോട് അനാദരവ് കാണിക്കുന്ന നിങ്ങളുടെ പെരുമാറ്റം ഗുരുതരമായ വീഴ്ചയാണ്. ഇത് നിങ്ങളുടെ സ്വന്തം വ്യക്തിത്വത്തിനു മാത്രമല്ല, ഒരു സ്ഥാപനം എന്ന നിലയിൽ റെയിൽവേയ്ക്കാകെ അപകീർത്തി വരുത്തുന്നതാണ്'- നടപടി ഉത്തരവിൽ പറയുന്നു.
Adjust Story Font
16